gold-price

ഒന്നല്ല, രണ്ടല്ല, ഇന്നലെ നാലുതവണ മാറി മറിഞ്ഞ സ്വര്‍ണവില ഇന്ന് രാവിലെ വീണ്ടും താഴേക്ക്. ഇന്നലെ രണ്ട് തവണ കുറയുകയും പിന്നാലെ രണ്ട് വട്ടം കൂടുകയും ചെയ്ത ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. പവന് 1040 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,11,280 രൂപയാണ് വില. ഇന്നലെ രാത്രി ഇത് 1,12,320 രൂപയായിരുന്നു. അതേസമയം ഗ്രാമിന് 130 രൂപ കുറഞ്ഞ് 14040 രൂപയിലാണ് ഇന്ന് വ്യാപാരം.

ഇന്നലെ ഒറ്റ ദിവസം കൊണ്ട് നാലു വട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവില മാറിമറിഞ്ഞത്. രാവിലെ 9.20നും ഉച്ചയ്ക്ക് 1.15നും കുത്തനെ ഇടിഞ്ഞ സ്വർണവില വൈകിട്ട് 4.10ന് വൻതോതിൽ തിരിച്ചുകയറി. പിന്നാലെ വൈകിട്ട് 6.25ന് വീണ്ടും വീണ്ടും കുതിക്കുകയായിരുന്നു. ഇന്നലെ (തിങ്കളാഴ്ച) രാവിലെ പവന് 6640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 ല്‍ എത്തുകയും ചെയ്തു. പിന്നാലെ ഉച്ചയ്ക്ക് വീണ്ടും വില ഇടിഞ്ഞു. പവന് 3,200 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. ഇതോടെ ഇന്നലെ ഉച്ചവരെ ഇടിഞ്ഞത് ആകെ 9,840 രൂപ. പവന് 1,07,920 രൂപയിലായിരുന്നു ഇന്നലെ ഉച്ചയ്ക്ക് വ്യാപാരം. 

ഈ കനത്ത വിലയിടിവ് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം പവന് വില പവന് 1.10 ലക്ഷത്തിന് താഴെയെത്തിയതോടെ ഒരുവേള സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്കിറങ്ങുമെന്നും ഉപയോക്താക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് വൈകീട്ടോടെയാണ്. വൈകീട്ട് കുറഞ്ഞ വില തിരിച്ച് കയറാന്‍ ആരംഭിച്ചു.

പവന് 2000 രൂപയുടെ വര്‍ധനവാണ് ഇന്നലെ വൈകീട്ട് ആദ്യം ഉണ്ടായത്. ഇതോടെ പവന് 1,09,920 രൂപയായി വില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമായി. എന്നാല്‍ തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കകം വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 400 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,320 രൂപയായി. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 14,040 രൂപയുമായി. വീണ്ടും വില പവന് 1.10 ലക്ഷത്തിന് മുകളിലെത്തി.

ഒടുവില്‍ ഇന്ന് രാവിലെ വീണ്ടും വിലയിറങ്ങിയെങ്കിലും പവന് 1.10 ലക്ഷത്തിന് മുകളില്‍ തന്നെയാണ് വില. ഇന്നലത്തെ ട്രെന്‍ഡ് ഇന്നുണ്ടാകുമോ എന്ന് കണ്ടറിയണം. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.

ENGLISH SUMMARY:

Gold prices in Kerala continue to exhibit extreme volatility, with a fresh drop of ₹1,040 per sovereign recorded on the morning of February 3, 2026. This follows a roller-coaster Monday where prices fluctuated four times, dropping to a low of ₹1,07,920 before surging back to ₹1,12,320. As of today, the price for one sovereign of gold stands at ₹1,11,280, while the rate per gram has decreased by ₹130.