വാര്‍ഡനെ ചുറ്റികകൊണ്ടടിച്ചു വീഴ്ത്തി തടവുകാരുടെ ജയില്‍ ചാട്ടം. ആന്ധ്രപ്രദേശ് അനകപള്ളി ചോടവരം സബ് ജയിലില്‍ വെള്ളിയാഴ്ചയാണു രണ്ടുതടവുകാര്‍ രക്ഷപെട്ടത്. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെയാണു ക്രൂര ആക്രമണത്തിന്റെ വ്യാപതി പുറത്തായത്.
സുരക്ഷയ്ക്കായി നിരവധി ജീവനക്കാരുള്ള സബ് ജയില്‍ ഓഫീസിലാണ് ഈ നടക്കുന്നതെന്നു പറഞ്ഞാല്‍ വിശ്വാസം ആകില്ലല്ലേ. അതേ ആന്ധ്രപ്രദേശ് അനകപള്ളി ജില്ലയിലെ ചോടവരം സബ് ജയിലിലെ ഹെഡ് വാര്‍ഡന്‍ വീരജുവിനെയാണു ചുറ്റികകൊണ്ടടിച്ചു വീഴ്ത്തി തടവുകാര്‍ രക്ഷപെടുന്നത്. റിമാന്‍ഡ് തടവുകാരായ ബി. രാവുവും നക്ക രവികുമാറന്നയാളുമാണു രക്ഷപെട്ടത്. അടിയേറ്റു വീണ ഹെഡ് വാര്‍ഡന്റെ പോക്കറ്റില്‍ നിന്നും പ്രധാനഗേറ്റിന്റെ ചാവിയുമെടുത്താണ് ഇരുവരും കടന്നുകളഞ്ഞത്.
ജീവനക്കാര്‍ ഡ്യൂട്ടിമാറുന്ന സമയത്തായിരുന്നു ആക്രമണം. വിവരമറിഞ്ഞു മറ്റ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോഴേക്കും ഇരുവരും രക്ഷപെട്ടിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപെട്ട കേസില്‍ രാമുവും പെന്‍ഷന്‍ ഫണ്ട് തട്ടിപ്പിന് അറസ്റ്റിലായാണു പഞ്ചായത്ത് സെക്രട്ടറിയായ നക്ക രവികുമാറും ജയിലിലെത്തിയത്. ഇരുവരെയും കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു ചോടവരം പൊലീസ് തിരച്ചില്‍ തുടങ്ങി.