TOPICS COVERED

ആന്ധ്രപ്രദേശില്‍ ജയിലില്‍നിന്ന് രണ്ട് തടവുകാര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യം പുറത്ത്. ജയില്‍ ഉദ്യോഗസ്ഥനെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചാണ് രണ്ടുപേര്‍ കടന്നുകളഞ്ഞത്. ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ചോദവരം സബ് ജയിലിലാണ് സംഭവം.

ബി. രാമു, നക്ക രവികുമാര്‍ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് വാര്‍ഡനെ മര്‍ദിച്ച് വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. 

രക്ഷാശ്രമത്തിനിടെ ഒരാള്‍ ചുറ്റികകൊണ്ട് പോലീസുകാരനെ ആക്രമിക്കുന്നത് കാണാം. പോലീസുകാരനുമായി ചേര്‍ന്നുള്ള മല്‍പ്പിടിത്തത്തിന് ശേഷം പ്രതികള്‍ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്ഷപ്പെട്ട രാമു മോഷണക്കേസിലെ പ്രതിയാണ്. പഞ്ചായത്ത് സെക്രട്ടറിയായ കുമാര്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്തതിന് അറസ്റ്റിലായ ആളുമാണ്. ജയില്‍ വാര്‍ഡനെ ആക്രമിച്ചത് രാമുവാണെന്നാണ് വിവരം.

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പോക്കറ്റില്‍നിന്ന് പ്രധാന ഗേറ്റിന്റെ താക്കോല്‍ രാമു കൈക്കലാക്കി. ഇരുവരും തമ്മില്‍ ബഹളമായതോടെ കുമാര്‍ അതില്‍ ഇടപെടുകയും പുറത്തേക്ക് മുങ്ങിയ രാമുവിനെ പിടിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് കുമാറും തിരിച്ചുവന്നില്ല. 

ENGLISH SUMMARY:

Prison escape occurred in Andhra Pradesh's Anakapalle district where two inmates escaped after attacking a jail official. The incident involved an attack with a hammer and a subsequent escape, prompting a search for the individuals involved in this serious breach of security.