തിരുവനന്തപുരം കടയ്ക്കാവൂരില്‍ ലിവ് ഇന്‍ പങ്കാളിയുടെ വെട്ടേറ്റ് യുവതി ഗുരുതരാവസ്ഥയില്‍. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കില്‍ താമസിക്കുന്ന വിജിമോള്‍ക്കാണ് വെട്ടേറ്റത്. വിജിമോളുടെ കൈപ്പത്തി അറ്റു. സംഭവത്തില്‍ കായിക്കര സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 11 വര്‍ഷമായി ഇരുവരും ഒന്നിച്ചാണ് താമസം. ഹോംനഴ്സാണ് വിജിമോള്‍.
വാക്കുതര്‍ക്കം മൂത്തതോടെയാണ് കൊലപാതക ശ്രമമെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച വൈകുന്നേരം വാക്കേറ്റം മൂത്തതോടെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് വിജിമോളുടെ തലയിലും കൈയിലും കാലിലും അനു വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടതോടെ സ്ഥലം വിട്ടു.
നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിജിമോളെ ആശുപത്രിയില്‍ എത്തിച്ചത്. ചിറയിന്‍ കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് വിജിമോള്‍. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് വൈകുന്നേരത്തോടെ നാട്ടുകാരുടെ സഹായത്തോടെ അനുവിനെ അറസ്റ്റ് ചെയ്തു. വിവാഹമോചിതനായ അനുവിനെതിരെ ആദ്യ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് മുന്‍പ് കേസെടുത്തിരുന്നു.