TOPICS COVERED

ബലാല്‍സംഗക്കേസ് പ്രതിയെ വിവാഹം കഴിച്ചുവെന്നും ക്രിമിനൽ നടപടികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമുള്ള അതിജീവിതയുടെ സത്യവാങ്മൂലത്തിനു പിന്നാലെ പോക്സോ കോടതിയിൽ സമർപ്പിച്ച ബലാത്സംഗ കേസും നടപടിക്രമങ്ങളും റദ്ദാക്കി ബോംബെ ഹൈക്കോടതി. കേസ് തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തെ തടസ്സപ്പെടുത്തുമെന്നുള്ള 19 കാരിയുടെ സത്യവാങ്മൂലത്തിലാണ് കോടതിയുടെ നടപടി.

ആറ് വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് കേസിലെ പ്രതിയും അതിജീവിതയും പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്ന് തങ്ങള്‍ വിവാഹം കഴിക്കാൻ തീരുമാനമെടുത്തതായിരുന്നു എന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ബന്ധത്തിന് എതിരായിരുന്ന സ്ത്രീയുടെ അമ്മ 2023 ല്‍ പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോൾ തന്‍റെ മകളെ ഇയാള്‍ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയായിരുന്നു.

കേസ് തുടർന്നാൽ തങ്ങളുടെ ജീവിതം തകരുമെന്നും തങ്ങള്‍ക്ക് ജനിക്കുന്ന കുട്ടികളെ ഒരു കുറ്റവാളിയുടെ കുട്ടികളായി കാണുമെന്നും 19 കാരി കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം ഇയാളെ വിവാഹം കഴിക്കാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്നും ഹൈക്കോടതിയെ ബോധിപ്പിച്ചു. ജീവിതകാലം മുഴുവൻ ഇയാളോടൊപ്പം സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. നിലവില്‍ താന്‍ ഭർത്താവിനും ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നതെന്നും ക്രിമിനൽ നടപടികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

അതേസമയം, കേസില്‍ ക്രിമിനൽ നടപടികൾ തുടരുന്നത് നിരർത്ഥകമാകുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹത്തിൽ സന്തോഷത്തോടെയും സമാധാനപരമായും ജീവിതം നയിക്കുന്നയാളാണ് അതിജീവിതയെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ നടപടിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ദമ്പതികൾക്ക് അവരുടെ ദാമ്പത്യ ജീവിതം തുടരാമെന്നുമാണ് ഹൈക്കോടതി വിധിച്ചത്.

ENGLISH SUMMARY:

The Bombay High Court has quashed a rape and POCSO case after the survivor, now 19, submitted an affidavit stating that she had married the accused and did not wish to pursue criminal proceedings. The court noted that continuing the case would disrupt their peaceful marital life. The case originated from a 2023 complaint by the survivor’s mother, who alleged that her daughter was raped at the age of 17 by the accused, whom she met on Instagram six years ago. However, the survivor clarified that she willingly married him and wants to live peacefully with her husband and in-laws. Highlighting that forcing the trial would be meaningless, the court ruled that the couple should be allowed to continue their married life without the stigma of ongoing criminal proceedings.