ബെംഗളൂരുവില്‍ നിന്ന് കാറില്‍ എംഡിഎംഎ കടത്തിയ ലഹരിമാഫിയ സംഘത്തെ അങ്കമാലിയില്‍ പൊലീസ് സാഹസികമായി പിടികൂടി. 200 ഗ്രാം എംഡിഎംഎയുമായി ആലുവയില്‍ താമസിക്കുന്ന കോട്ടയം ജില്ലക്കാരായ രണ്ട് യുവാക്കളെയാണ് പിടികൂടിയത്. കാറിനുള്ളില്‍ രഹസ്യഅറയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്കാണ് ലഹരിക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്നുവാങ്ങി ആലുവ ലക്ഷ്യമാക്കി കാറിലാണ് യാത്രയെന്നായിരുന്നു വിവരം. കാറിന്‍റെ നമ്പര്‍ ശേഖരിച്ച് അങ്കമാലി കരയാംപറമ്പില്‍ ഡാന്‍സാഫ് സംഘവും അങ്കമാലി പൊലീസും കാത്തു നിന്നു. കാറിന് കൈകാട്ടിയെങ്കിലും നിര്‍ത്തിയില്ല. അതിവേഗത്തില്‍ കുതിച്ച കാറിനെ പൊലീസ് പിന്തുടര്‍ന്ന് ടിബി ജംക്ഷനില്‍ വളഞ്ഞു. പൂട്ടുവീണതോടെ ഇറങ്ങിയോടാന്‍ ശ്രമിച്ച രണ്ട് പേരെ ബലപ്രയോഗത്തിലൂടെ കീഴടക്കി.
കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് കുമാര്‍, പൂഞ്ഞാര്‍ സ്വദേശി അജ്മല്‍ ഷാ എന്നിവരാണ് പിടിയിലായത്. കോട്ടയം ജില്ലക്കാരാണെങ്കിലും ഇരുവരും ആലുവയിലായിരുന്നു താമസം. ലഹരിമരുന്ന് ആലുവയിലെത്തിച്ച ശേഷം ചില്ലറ വില്‍പനയായിരുന്നു ലക്ഷ്യം. കാറിന്‍റെ ഡാഷ്ബോര്‍ഡിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. രണ്ട് ലക്ഷത്തിലേറെ വിലയുള്ളതാണ് പിടികൂടിയ ലഹരിമരുന്ന്. ലഹരിമരുന്ന് കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.
പിടിയിലായവരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, അങ്കമാലി ഇൻസ്പെക്ടർ എ.രമേഷ് തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആലുവ മുട്ടത്ത് സ്പായിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇരുപത്തിനാല് ഗ്രാം എം.ഡി.എം.എയും, അറന്നൂറ് ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. സ്പായുടെ നടത്തിപ്പുകാരായ രണ്ട് പേരെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ അങ്കമാലിയില്‍ പിടിയിലായ സംഘത്തില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയിരുന്നതെന്നാണ് സൂചന.