കുടുംബ വഴക്കിനിടെ സഹോദരന്‍റെ ഭാര്യയെ യുവാവ് വെടിയുതിര്‍ത്ത് കൊന്നു. കൊലപാതകം മറച്ചു വയ്ക്കാന്‍ വീട്ടില്‍ മോഷണ ശ്രമം നടന്നുവെന്നും അതിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നും കുടുംബാംഗങ്ങള്‍ കഥയും ചമച്ചു. പക്ഷേ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തതോടെ കുട്ടികള്‍ സത്യം പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊലയ്ക്ക് ഉപയോഗിച്ച നാടന്‍ തോക്കടക്കം പൊലീസ് കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവടക്കം മൂന്നുപേരെ അറസ്റ്റും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുറിലാണ് സിനിമയെ വെല്ലുന്ന സംഭവം.
മെയിന്‍പുരി സ്വദേശിയായ നിക്കി ഷാക്യ(23) ആണ് കൊല്ലപ്പെട്ടത്. 2024 ഡിസംബറിലായിരുന്നു നിക്കിയും കൃഷ്ണകാന്തുമായുള്ള വിവാഹം നടന്നത്. അമ്മ മായാദേവി, സഹോദരി റാണി ദേവി, മൂത്തസഹോദരന്‍ പ്രവീണ്‍, ഭാര്യ ശിവാനി എട്ടുവയസുകാരി മകളും ആറുവയസുകാരന്‍ മകന്‍ എന്നിവര്‍ക്കൊപ്പമാണ് ഭാര്യയുമായി കൃഷ്ണകാന്ത് ജീവിച്ചിരുന്നത്.
അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച പ്രവീണിന്‍റെയും കൃഷ്ണകാന്തിന്‍റെയും അമ്മ മായദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണിന്‍റെ സഹോദരി ശിവാനിയാണ് അമ്മയെ പരിചരിക്കാന്‍ ആശുപത്രിയില്‍ നിന്നത്. അന്നേ ദിവസം രാവിലെ ഊഞ്ഞാലാടുന്നതിനിടെ പ്രവീണിന്‍റെ മക്കള്‍ തെന്നിവീണിരുന്നു. ഇത് കൃഷ്ണകാന്ത് പിടിച്ച് തള്ളിയിട്ടാണെന്ന് പറഞ്ഞ് ചെറിയ വാക്കേറ്റം വീട്ടിലുണ്ടായി. രാത്രിയില്‍ കൃഷ്ണകാന്ത് ആശുപത്രിയില്‍ നിന്നും മടങ്ങി വന്നതോടെ മക്കളുടെ കാര്യം പറഞ്ഞ് വീണ്ടും പ്രവീണ്‍ ബഹളമുണ്ടാക്കി. ബഹളം കേട്ട് മുറിയില്‍ നിന്നും നിക്കി പുറത്തേക്കിറങ്ങി വന്നതും കയ്യിലിരുന്ന നാടന്‍ തോക്ക് കൊണ്ട് ക്ലോസ് റേഞ്ചില്‍ നിന്ന് പ്രവീണ്‍ വെടിയുതിര്‍ത്തു. ഗുരുതരമായി പരുക്കേറ്റ നിക്കി ഉടന്‍ തന്നെ മരിച്ചു. നിക്കി മരിച്ചതോടെ പരിഭ്രാന്തരായ കൃഷ്ണകാന്തും പ്രവീണും റാണിയും ചേര്‍ന്ന് കഥ മെനഞ്ഞു. നിക്കിയുടെ മുറിയില്‍ കയറിയ ഇവര്‍ ആഭരണങ്ങള്‍ ഒളിപ്പിച്ചു. വീടും പരിസരവും അലങ്കോലമാക്കിയുമിട്ടു. നിക്കിയുടെ വീട്ടില്‍ വിളിച്ച് മോഷ്ടാക്കള്‍ കവര്‍ച്ചാ ശ്രമത്തിനിടെ നിക്കിയെ വകവരുത്തിയെന്ന വിവരവും അറിയിച്ചു.
രാത്രി തന്നെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബാംഗങ്ങളുടെ മൊഴിയില്‍ പൊരുത്തക്കേട് തോന്നി. ഓരോരുത്തരെയായി ചോദ്യം ചെയ്തതോടെ അച്ഛന്‍ നിക്കിയെ വെടിവച്ച് കൊന്നതാണെന്ന് പ്രവീണിന്‍റെ മക്കള്‍ തുറന്ന് പറഞ്ഞു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. നിസാര കാര്യത്തിന് വെടിയുതിര്‍ക്കാന്‍ പ്രവീണിനെ പ്രേരിപ്പിച്ചത് എന്താണെന്നതിലടക്കം അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തോക്ക് എവിടെ നിന്നാണ് പ്രവീണിന് ലഭിച്ചതെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്.