കണ്ണൂര്‍ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പ്രേമരാജന്‍, എ.കെ.ശ്രീലേഖ എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ.കെ ശ്രീലേഖ. ഭര്‍ത്താവ് പ്രേമരാജന്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്നനിലയിലാണ്. കൊലയ്ക്ക് ശേഷം തീകൊളുത്തിയതെന്ന് നിഗമനം. കൊലപാതക കാരണം വ്യക്തമല്ല.
Also Read: കണ്ണൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്ന് സംശയം.
വിമാനത്താവളത്തിൽ അച്ഛനമ്മമാരെ പ്രതീക്ഷിച്ചെത്തിയ മകന്‍ ഷിബിൻ കേട്ടത് അവരുടെ ദാരുണാന്ത്യമായിരുന്നു. ബഹ്റൈനിൽനിന്ന് വൈകിട്ടാണ് കല്ലാളത്ത് ഷിബിൻ കണ്ണൂരിൽ വിമാനമിറങ്ങിയത്. എന്നാൽ, ഏറെ വേദനയുണ്ടാക്കുന്ന വിവരവുമായിട്ടാണ് ബന്ധുക്കൾ ഷിബിനെ കാത്തിരുന്നത്.ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജൻ–ശ്രീലേഖ ദമ്പതികളുടെ മരണം അലവിൽ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോൺ ചെയ്തിട്ടും പ്രേമരാജൻ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്. കോളിങ് ബെൽ അടിച്ചിട്ടും തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നി.
അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കിടപ്പുമുറിയിൽ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വളപട്ടണം പൊലീസെത്തി പരിശോധിച്ചപ്പോൾ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്.