മുത്തശ്ശിക്കൊപ്പം മിഠായി വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു. ബംഗാളിലാണ് സംഭവം. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അക്രമിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
ഹൂഗ്ലിയിലെ ഉത്തര്‍പാരയിലാണ് സംഭവം. മൂന്നാംക്ലാസുകാരിയായ പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പം മിഠായിക്കടയിലേക്ക് എത്തിയതാണ്. കടയിലേക്ക് കയറി വന്ന മധ്യവയസ്കന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി കടക്കാരന് പണം നല്‍കുന്നതിനിടെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. കയറി വന്നതിന് പിന്നാലെ കുട്ടിയുടെ തലയില്‍ പിടിച്ചു, പിന്നാലെ കവിളില്‍ ബലമായി ചുംബിക്കുകയും ചെയ്തു. ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചതും കുട്ടി ഇയാളെ തള്ളി മാറ്റി മുത്തശ്ശിയുടെ അപ്പുറത്തേക്ക് നീങ്ങുന്നത് വിഡിയോയില്‍ കാണാം. ഈ സമയത്ത് കടയില്‍ മറ്റുപലരും സാധനങ്ങള്‍ വാങ്ങാനെത്തിയെങ്കിലും ആരുടെയും ശ്രദ്ധയില്‍ ഇത് പെട്ടില്ലെന്നാണ് കരുതുന്നത്. കുട്ടിയുടെ മുത്തശ്ശിയും സംഭവം അറിഞ്ഞതായി വിഡിയോയില്‍ കാണുന്നില്ല.
കുട്ടി നീങ്ങി നിന്നതോടെ വീണ്ടും അടുത്തെത്തി ചുമലില്‍ കൈവച്ച ശേഷമാണ് ഇയാള്‍ തന്‍റെ കൈവിരല്‍ കുട്ടിയുടെ വായിലേക്ക് കടത്തിയത്. പെട്ടെന്ന് തന്നെ കടയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. അക്രമിക്കെതിരെ പോക്സോ ചുമത്തി. തിരച്ചില്‍ ഊര്‍ജിതമാണെന്നും വൈകാതെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.