ഇടുക്കി മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തലയിലും കഴുത്തിലുമേറ്റ വെട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ രാജപാണ്ടിയുടെ ജീവനെടുത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കൊലപാതകി ആരെന്ന് കണ്ടെത്താനായിട്ടില്ല.
ശനിയാഴ്ചയാണ് ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ രാജപാണ്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്റ്റേറ്റിലെ താമസസ്ഥലത്ത് ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയിലും കഴുത്തിലുമായി ഒമ്പത് വെട്ടുകളേറ്റാതാണ് മരണകാരണമെന്ന് കണ്ടെത്തി.
കണ്ണൂര്‍ കല്യാട് മോഷണത്തില്‍ വഴിത്തിരിവ്; മരുമകള്‍ കൊല്ലപ്പെട്ട നിലയില്‍
രാജപാണ്ടിക്കൊപ്പം എസ്റ്റേറ്റിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ക്രൂരമായ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ കൂടുതലാളുകൾ പ്രദേശത്ത് വന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ക്വട്ടേഷൻ സാധ്യതയും അന്വേഷിക്കുന്നുണ്ട്.
ഫോറൻസിക് പരിശോധന റിപ്പോർട്ട് അനുസരിച്ച് തുടരന്വേഷണം നടത്താനാണ് തീരുമാനം. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കന്നിമല ഫാക്ടറി ഡിവിഷൻ സ്വദേശിയായ രാജപാണ്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.