vandana-case

കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് വധക്കേസിൽ വിധി ഇന്ന്. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി ആണ് വിധി പറയുക. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതിയായ സന്ദീപ് യുവ ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിർണായക വിധി വരുന്നത്. 

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും… ഒരു യുവ ഡോക്ടറുടെ സ്വപ്നങ്ങളും… ഒരു നിമിഷം കൊണ്ട് ചിതറിപ്പോയ ദിനം 2023 മെയ് 10. കേരളം മുഴുവൻ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ഡോ. വന്ദന ദാസിന്റെ ക്രൂര കൊലപാതകം. പുലർച്ചെയായിരുന്നു ആ ദാരുണ സംഭവം നടന്നത്.

വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്രസിങ് റൂമിൽ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നിൽ കണ്ട സർജിക്കൽ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു. ഭീതിയിൽ എല്ലാവരും ഓടി മാറി. 

പക്ഷേ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്ക് ഓടാൻ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. അവസാനം, നെഞ്ചിലും കഴുത്തിലും മുതുകിലുമായി പല തവണ കുത്തി പരിക്കേൽപ്പിച്ചു. ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി. 

അന്വേഷണം പൂർത്തിയായതോടെ കേസ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്ക് എത്തി. വാദത്തിനിടെ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ സാക്ഷിമൊഴികളും തെളിവുകളും നിരത്തി പ്രോസിക്യൂഷൻ അത് ശക്തമായി എതിർത്തു. കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 200-ലധികം രേഖകളും കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി.പടിക്കൽ പ്രോസിക്യൂഷനായി ഹാജരായി. ഒരു യുവ ഡോക്ടറുടെ ജീവൻ കവർന്ന ആ ക്രൂരതയ്ക്ക്…നീതിയുടെ ഉത്തരമാകും കോടതി പറയുക.

ENGLISH SUMMARY:

The Dr. Vandana Das murder case verdict is expected today from the Kollam Additional Sessions Court. This crucial judgment pertains to the brutal attack and murder of Dr. Vandana Das by the accused Sandeep at the Kottarakkara Taluk Hospital on May 10, 2023.