തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കഞ്ചാവ് മാഫിയ സംഘം വീട് അടിച്ച് തകര്‍ത്തതായി പരാതി. മൂക്കംപാലമൂട് മൂങ്ങോട് സ്വദേശി ശൈലേഷ് എന്നയാളുടെ പൂട്ടിക്കിടന്ന വീടാണ് വടിവാളുമായെത്തിയ സംഘം രാത്രിയില്‍ തകര്‍ത്തത്. സിസിടിവി ക്യാമറകളും സംഘം കൈക്കലാക്കി. അക്രമികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നെങ്കിലും പൊലീസിന് ആളെത്തിരിച്ചറിയാനായിട്ടില്ല.
വീടിന് മുന്നിലെ ബുദ്ധ പ്രതിമ അടിച്ച് തകര്‍ത്താണ് തുടക്കം. ജനലുകളും വാതിലുകളും തകര്‍ത്തു. കെഎസ്ഇബിയുടെ മീറ്റര്‍ ബോര്‍ഡ് തകര്‍ത്ത് ഫ്യൂസ് ഊരിമാറ്റി. സിസിടിവി ക്യാമറ അടിച്ച് തകര്‍ത്തശേഷം കൊണ്ടുപോയിട്ടുണ്ട്. ശൈലേഷും കുടുംബവും നഗരത്തില്‍ താമസിക്കുന്നതിനാല്‍ ആക്രമണമുണ്ടായ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ആള്‍ത്താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് ലഹരിസംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് ലഹരിവില്‍പ്പന സജീവമാണ്. പരാതി പറയാന്‍ ശ്രമിക്കുന്നവരെ കായികമായി നേരിടുന്നതാണ് ലഹരിവില്‍പ്പനക്കാരുടെ ശീലം.
ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പൊലീസിന് ആളെത്തിരിച്ചറിയാനായിട്ടില്ല. ഇവര്‍ക്കായി ഊര്‍ജിതമായി അന്വേഷണം നടക്കുന്നതായി വിളപ്പില്‍ശാല പൊലീസ് അറിയിച്ചു. പ്രദേശത്ത് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.