ആലപ്പുഴ ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്ത് എന്ന സ്ത്രീയുടെ കൊലപാതകക്കേസില്‍ വഴിത്തിരിവ്. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി അബൂബക്കര്‍ യഥാര്‍ഥ പ്രതിയല്ല. യഥാര്‍ഥ പ്രതികള്‍ മോഷണക്കേസ് പ്രതിയും ഭാര്യയും. ഇരുവരും മൈനാഗപ്പള്ളിയില്‍ നിന്നാണ് പിടിയിലായത്. പ്രതികള്‍ കൊല്ലപ്പെട്ട ഹംലത്തിന്‍റെ അയല്‍വാസികള്‍ ആയിരുന്നു.
ഹംലത്തുമായി ബന്ധമുള്ള അബൂബക്കര്‍ കൊല നടന്ന ദിവസം രാത്രി ആ വീട്ടില്‍ എത്തിയിരുന്നു. ഈ സമയത്ത് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹംലത്തിന് അബൂബക്കര്‍ ശീതളപാനീയം നല്‍കുകയും അവര്‍ ഉറങ്ങുകയും ചെയ്തു. ഈ സമയത്താണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനായി പ്രതികള്‍ ഈ വീട്ടില്‍ എത്തുന്നത്. അബൂബക്കര്‍ പോയ ശേഷം വീട്ടിനകത്തേക്ക് കടന്ന പ്രതികളുടെ മോഷണശ്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹംലത്തിനെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മോഷണത്തിനായി ഇരുവരും വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മുളകുപൊടി വിതറുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈല്‍ ഫോണും കമ്മലും ഇരുവരു കൈക്കലാക്കുകയും ചെയ്തിരുന്നു. മൊബൈല്‍ഫോണാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. മൊബൈല്‍ഫോണ്‍ മറ്റൊരു സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ഇരുവരെയും കുടുക്കിയത്. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിടിയിലായ സ്ത്രീ അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ചികില്‍സക്കായി ആശുപത്രിയില്‍ എത്തിച്ചു.