TOPICS COVERED

കോഴിക്കൂട്ടില്‍ മുട്ട മാത്രമല്ല വേണ്ടിവന്നാല്‍ കോടയും കിട്ടും. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് കോഴിക്കൂട്ടിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന 120 ലീറ്റര്‍ കോട കണ്ടെത്തി. കാഞ്ഞിരംകുളം സ്വദേശികളായ അരുണ്‍നാഥ്, അയ്യപ്പന്‍ എന്നിവരുടെ കൈവശം 9 ലീറ്റര്‍ ചാരായം പിടികൂടിയതിന് പിന്നാലെ എക്സൈസ് നടത്തിയ പരിശോധനയിലാണ് കോഴിക്കൂട്ടിലെ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 

ഉഗ്രന്‍ കോഴിക്കൂട്. നിറയെ കോഴികളുണ്ട്. വേണ്ടത്ര മുട്ടയും കിട്ടുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. പക്ഷേ കൂടിനടിയില്‍ മറ്റൊരു അറയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. വാഹന പരിശോധനയ്ക്കിടെ ഒന്‍പത് ലീറ്റര്‍ നാടന്‍ വാറ്റുമായി അരുണ്‍നാഥും, അയ്യപ്പനും പിടിയിലായതോടെയാണ് എക്സൈസിന് കോഴിക്കൂട്ടിലെ കോട കലവറയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉദ്യോഗസ്ഥരെത്തി പരിശോധിക്കുമ്പോഴും ഒറ്റനോട്ടത്തില്‍ കോടക്കലങ്ങളുള്ളതായി തോന്നിയതേയില്ല. താഴേക്കിറങ്ങി പരിശോധിക്കുമ്പോഴാണ് നാടന്‍ വാറ്റിന് തയാറാക്കിയ കോടയും പാത്രങ്ങളും കണ്ടെടുത്തത്. സുരക്ഷിതമായ അറയില്‍ നിന്നും കുടങ്ങള്‍ ഓരോന്നായി പുറത്തേക്ക്. 

കോഴിക്കൂട്ടിലെ കോട എക്സൈസ് നശിപ്പിച്ചു. ഓണക്കാലത്തെ നാടന്‍ ചാരായ വില്‍പ്പന കണക്കിലെടുത്ത് സൂക്ഷിച്ച അസംസ്കൃത വസ്തുക്കളെന്നാണ് പിടിയിലായവരുടെ മൊഴി. ലഹരിവരവ് തടയാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി പരിശോധന തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു. 

ENGLISH SUMMARY:

Illicit liquor was seized by the Excise department. They discovered 120 liters of 'koda' hidden in a secret compartment within a chicken coop in Kanjiramkulam, Thiruvananthapuram.