കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരുടെത് വൻ വീഴ്ചയെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തൽ. സെല്ലുകൾക്ക് കാലപ്പഴക്കം ഉണ്ടെന്നും മതിലുകൾ തകർച്ചാവസ്ഥയിലാണെന്നും ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതി കണ്ടെത്തി. ആറു മാസത്തിനുള്ളിൽ സമിതി സർക്കാരിന് റിപ്പോർട്ട് നൽകും.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സർക്കാരിനും ആഭ്യന്തരവകുപ്പിനും ഉണ്ടാക്കിയ നാണക്കേട് ചെറുതല്ല. ഇതിനു പിന്നാലെയാണ് സർക്കാർ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, മുൻപൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സമിതി ഇന്നലെ കണ്ണൂർ സെൻട്രൽ ജയിൽ പരിശോധിച്ചു. കണ്ടെത്തലുകൾ ഇങ്ങനെ. ഏറെ നാൾ സമയമെടുത്ത് ഗോവിന്ദച്ചാമി ജയിൽ ചാട്ടത്തിന് പദ്ധതിയിട്ടത് ജയിൽ ഉദ്യോഗസ്ഥർക്ക് അറിയാനായില്ല. പ്രഥമ ദൃഷ്ട്യാ തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തം. സെല്ലിന്റെ കമ്പി മുറിക്കാൻ സാധാരണ ബ്ലേഡ് കൊണ്ട് കഴിയില്ല. മറ്റെന്തോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചിരിക്കാം. പൊലീസ് കണ്ടെത്തിയ ആയുധം കൊണ്ട് ഇരുമ്പ് കമ്പി മുറിക്കാൻ കഴിയില്ല. കാലപ്പഴക്കം ചെന്ന സെല്ലുകൾ സുരക്ഷയ്ക്ക് ഭീഷണിയാണ് . മതിലുകൾ പോലും തകരാവുന്ന അവസ്ഥയിൽ എന്നും സമിതി കണ്ടെത്തി.
ഉദ്യോഗസ്ഥർ ഒന്നും അറിഞ്ഞില്ല എന്നത് അത്ഭുതകരം എന്നും സമിതി വിലയിരുത്തി. അന്വേഷണത്തിന്റെ ഭാഗമായി ജയിൽ ഉദ്യോഗസ്ഥരുമായി സമിതി പ്രത്യേക യോഗവും നടത്തി. ജയിൽ ചട്ടത്തിന് ഇടയാക്കിയ സാഹചര്യങ്ങളും , ജയിലിലെ പൊതുവായ അവസ്ഥയും എല്ലാം ഉൾക്കൊള്ളിച്ച് സർക്കാരിന് സമിതി റിപ്പോർട്ട് നൽകും. സംസ്ഥാനത്തെ മറ്റു ജയിലുകളും സമിതി സന്ദർശിക്കും. ആർക്കെതിരെയും വ്യക്തിപരമായ നടപടി സമിതി ശുപാർശ ചെയ്യില്ലെന്ന് അധ്യക്ഷൻ വ്യക്തമാക്കി.