വയനാട് ബത്തേരി ഹേമചന്ദ്രൻ വധക്കേസിൽ മൃതദേഹം ഹേമചന്ദ്രൻ്റേതാണെന്ന് വ്യക്തമാകുന്ന ഡി എൻ എ ഫലം ലഭിച്ചില്ല. കാൽ ഭാഗത്തെ എല്ലിൽ നിന്ന് ഡി.എൻ.എ ഫലം കണ്ടെത്താൻ കഴിയുന്നില്ലെന്ന് കണ്ണൂർ ഫോറൻസിക് ലാബ് അധികൃതർ പൊലീസിനെ അറിയിച്ചു. അതിനിടെ ഹേമചന്ദ്രൻ വധക്കേസിൽ വയനാട് ബത്തേരി സ്വദേശി മെൽബിൻ മാത്യുവിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
ഡി എൻ എ പരിശോധനയ്ക്ക് ഹേമചന്ദ്രന്‍റെ കാലിന്‍റെ എല്ല് നൽകി 48 ദിവസത്തിനു ശേഷമാണ് ഇതിൽ നിന്ന് ഡി എൻ എ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കണ്ണൂർ ഫോറൻസിക് ലാബിൽ നിന്ന് മെഡിക്കൽ കോളേജ് പൊലീസിന് അറിയിപ്പ് ലഭിച്ചത്. വീണ്ടും മൃതദേഹ സാമ്പിൾ നൽകാനാണ് കണ്ണൂർ ഫോറൻസിക് ലാബിൽ നിന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡി എൻ എ പരിശോധനക്ക് മൃതദേഹത്തിൽ നിന്ന് ശേഖരിച്ച തെളിവുകളും ഹേമചന്ദ്രന്‍റെ കുടകിലുള്ള അമ്മ, സഹോദരി എന്നിവരുടെ രക്തസാമ്പിളുകളും പൊലീസ് ശേഖരിച്ചു നൽകിയിരുന്നു.
കഴിഞ്ഞ ജൂൺ 28-നാണ് ചേരമ്പാടി വനത്തിൽ നിന്ന് കൊന്നു കുഴിച്ചുമൂടിയ നിലയിൽ ഹേമചന്ദ്രൻ്റെ മൃതദേഹം പുറത്തെടുത്തത്. ഊട്ടിയിലെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ഡി എൻ എ പരിശോധനക്ക് സാമ്പിൾ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ ഹേമചന്ദ്രന്‍റെ മൃതദേഹം.
ഹേമചന്ദ്രൻ വധക്കേസിൽ വയനാട് ബത്തേരി സ്വദേശി മെൽബിൻ മാത്യുവിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. 2024 മാർച്ച് 20-നാണ് വയനാട് പൂമല സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് തട്ടിക്കൊണ്ടുപോയി കൈവട്ട മൂലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നത്.