സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ കല്യാണത്തിന് വരന് സമ്മാനമായി നല്‍കി. 20 വയസുകാരന്‍ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍. ചത്തീസ്ഖഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വർമ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കർ വൈദ്യുത പ്ലഗിൽ കുത്തി സ്വിച്ച് ഓൺ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിർമ്മാണം.
ഏകദേശം രണ്ട് കിലോഗ്രാമോളം സ്ഫോടകവസ്തുക്കളാണ് ഇതില്‍ നിറച്ചിരുന്നത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. പ്രതിക്ക് മുന്നേയും ഇത്തരത്തില്‍ സ്ഫോടനങ്ങള്‍ നടത്തി മുന്‍പരിചയമുണ്ട്
പ്രദേശവാസിയായ അഫ്‌സർ ഖാന്റെ വിലാസത്തിലായിരുന്നു പാർസൽ വന്നത്. പിന്നീട് ഇതില്‍ സംശയം തോന്നിയ ഖാൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വർമ്മ ഓൺലൈൻ ട്യൂട്ടോറിയലുകൾ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയിൽ പൊലീസിന്റെ പിടിയിൽപ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.
കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ഭാര്യയോട് കാലങ്ങളായി പ്രതിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും പിന്നീട് അഫ്‌സർ ഖാനുമായി യുവതിയുടെ കല്യാണം കഴിഞ്ഞ ശേഷമുണ്ടായ പ്രതികാരമാണ് ഇത്തരത്തിലൊരു കൊലപാതക ശ്രമത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് അഫ്‌സർ ഖാന് വ്യാജ ഇന്ത്യാ പോസ്റ്റ് ലോഗോയുള്ള സമ്മാനപ്പൊതി ലഭിക്കുന്നത്. എന്നാല്‍ അതില്‍ സമ്മാനം അയച്ച ആളുടെ പേരോ വിലാസമോ ഉണ്ടായിയുന്നില്ല. സമ്മാനപ്പൊതിയിലെ സ്പീക്കറിന് സധാരണയുള്ളതിനേക്കാള്‍ ഭാരം തോന്നിയതാണ് സംശയത്തിന് ഇടയാക്കിയത്. കൂടാതെ വിവാഹത്തിന് മുന്‍പ് പ്രതി തനിക്ക് ശല്യമായിരുന്നെന്നും ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും ഭാര്യ അഫ്‌സർ ഖാന് മുന്നറിയിപ്പും നല്‍കിയിരുന്നു.