ഓണാഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ ഇതരസംസ്ഥാനങ്ങളില്‍ കൊച്ചി കേന്ദ്രീകരിച്ച് ലഹരി സംഭരിക്കാന്‍ ലഹരിമാഫിയ സംഘങ്ങള്‍. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസും പൊലീസും പരിശോധനകള്‍ കര്‍ശനമാക്കി. ബെംഗളൂരുവില്‍ നിന്ന് കടത്തിയ എംഡിഎംഎയുമായി രണ്ട് പേര്‍ കളമശേരിയിലും കഞ്ചാവുമായി അതിഥി തൊഴിലാളി കോതമംഗലത്തും പിടിയിലായി.
ഓണം ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാസലഹരിയടക്കം കേരളത്തിലേക്ക് എത്തുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും എക്സൈസും രാപ്പകല്‍ വ്യത്യാസമില്ലാതെ ജാഗ്രതയോടെ പരിശോധനകള്‍ തുടരുകയാണ്. കൊച്ചി സിറ്റി പരിധിയില്‍ നാല് ഡാന്‍സാഫ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഈ പരിശോധനയിലാണ് കായംകുളം സ്വദേശികളായ രണ്ട് പേര്‍ 235 ഗ്രാം എംഡിഎംഎയുമായി കളമശേരിയില്‍ പിടിയിലായത്. സിപിഎം പ്രവര്‍ത്തകനും മുന്‍ ഡിവൈഎഫ്ഐ മേഖല ഭാരവാഹിയുമായ സുധീര്‍ യൂസഫ്, ആസിഫ് നിസാം എന്നിവരെയാണ് എസ്ഐ ബിനോജിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി ഇടപാടുകാര്‍ക്ക് കൈമാറാന്‍ ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുമ്പോളാണ് ഇരുവരും കുടുങ്ങിയത്. താന്‍ അര്‍ബുദ രോഗിയാണെന്നും ചികിത്സയ്ക്കടക്കം പണം കണ്ടെത്താനാണ് ലഹരികച്ചവടമെന്നാണ് സുധീറിന്‍റെ മൊഴി. കയ്യിലുണ്ടായിരുന്ന 235 ഗ്രാംില്‍ ഒരു ഭാഗം കൊച്ചിയിലും മിച്ചമുള്ള തൂക്കം ആലപ്പുഴ ജില്ലയില്‍ വിതരണം ചെയ്യുകയായിരുന്നു പദ്ധതി. മൂന്നു ദിവസം മുന്‍പാണ് ഇരുവരും ബെംഗളൂരുവിലേക്ക് പോയത്.
കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറാനെത്തിയപ്പോളാണ് അസംകാരന്‍ നജമുല്‍ ഇസ്ലാം കോതമംഗലം എക്സൈസിന്‍റെ പിടിയിലായത്. രണ്ട് കിലോയിലേറെ കഞ്ചാവാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കേന്ദ്ര ഏജന്‍സികളുടെ കൂടി സഹായത്തോടെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.