അയൽ വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതിന് യുവാവിനെയും മാതാപിതാക്കളേയും ആക്രമിച്ച പ്രതികൾ പിടിയിൽ. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് മൂന്നുപേർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. മുണ്ടപ്പള്ളി സ്വദേശി ആനന്ദ്, ഇടുക്കി പാഞ്ചാലിമേട് സ്വദേശി എം.ജി. അജിത്ത്, കൂടൽ സ്വദേശി അശ്വിൻദേവ് എന്നിവരാണ് അറസ്റ്റിലായത്.
അടൂർ പെരിങ്ങനാട് സീഗോലാൻഡ് കോളനിയിൽ ഗിരീഷിനും മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കും നേരെ ആയിരുന്നു ആക്രമണം. പ്രതികൾ ഉച്ചത്തിൽ പാട്ട് വെച്ചത് അസഹനീയമായപ്പോൾ ഗിരീഷ് ചോദ്യം ചെയ്തതിൽ പ്രകോപിതരാകുകയായിരുന്നു. തുടർന്ന് ഇവർ ഗിരീഷിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കടന്ന് ചൂരൽ വടികൊണ്ടും പി.വി.സി. പൈപ്പ് ഉപയോഗിച്ചും ആക്രമിച്ചു.
ആക്രമണത്തിൽ ഗിരീഷിന്റെ വലതുകൈയ്ക്കും അമ്മ ഗീതയുടെ തലയ്ക്കും പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച അച്ഛൻ രാജനെ മർദിക്കുകയും ചെയ്തു. രാത്രി തന്നെ പോലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു. പിടിവിലായവർ സ്ഥിരം അക്രമികളാണ്.