ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധാന കേസിൽ തെളിവുകൾ ശേഖരിക്കാനുള്ള തീവ്രശ്രമത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ബിന്ദുവിൻ്റെ വീട്ടിൽ ഈയാഴ്ച രണ്ടുതവണ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അയൽവാസികളോടും കാര്യങ്ങൾ തിരക്കിയ ശേഷമാണ് മടങ്ങിയത്. സെബാസ്റ്റ്യൻ്റെ മുൻ സുഹൃത്തുക്കളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകളിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. ബിന്ദുവിൻ്റെ തിരോധാന കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന് ആരോപണം കൂടുതൽ ശക്തമാകുകയാണ്.
സ്ത്രീകളുടെ തിരോധാന കേസുകളിൽ കുറ്റാരോപിതനായ സെബാസ്റ്റ്യനെ ബിന്ദു പത്മനാഭൻ, ഐഷ തിരോധാന കേസുകളിൽ ബന്ധപ്പെടുത്തുന്ന കൃത്യമായ തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. എന്നാൽ ജൈനമ്മയുടെ തിരോധാനത്തിൽ സെബാസ്റ്റ്യൻ്റെ പങ്ക് വ്യക്തമാകുന്ന നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. വ്യാജ രേഖ ചമച്ച് ബിന്ദുവിൻ്റെ വസ്തു വിറ്റ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കൂട്ടാളികളായ രണ്ടു വസ്തു ബ്രോക്കർമാരുടെ പേരുകൾ സെബാസ്റ്റ്യൻ വെളിപ്പെടുത്തിയിരുന്നു.
കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് ഉദ്യോഗസ്ഥരാണ് അന്ന് സെബാസ്റ്റ്യനെയും കൂട്ടാളികളെയും ചോദ്യം ചെയ്തത്. ബിന്ദു കൊല്ലപ്പെട്ടുവെന്നും വസ്തു ബ്രോക്കറും കൂട്ടാളിയും മറ്റൊരാളും കൂടിയാണ് ഇത് ചെയ്തതെന്നും അന്ന് ലോക്കൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നതായി സഹോദരൻ പ്രവീൺ പറഞ്ഞു. എന്നാൽ വേണ്ട രീതിയിൽ അന്വേഷണം ഉണ്ടായില്ല.
ബിന്ദു കൊല്ലപ്പെട്ടതെവിടെ വെച്ചാണെന്ന വിവരവും പൊലീസ് ഉദ്യോഗസ്ഥരോട് മൂവരും പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. സെബാസ്റ്റ്യൻ്റെ കൂട്ടാളികളെ കാര്യമായി ചോദ്യം ചെയ്യാതെ വിട്ടയച്ചു. കേസിൻ്റെ അന്വേഷണം നീണ്ടുപോകാൻ ഇതാണ് കാരണമെന്ന് പ്രവീൺ പറയുന്നു. ബിന്ദു കൊല്ലപ്പെട്ടെന്ന് ആദ്യ ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ്റെ കൂട്ടാളി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ചോദ്യം ചെയ്തപ്പോൾ മറവി അഭിനയിച്ച് ഒഴിഞ്ഞുമാറി. അന്വേഷണം വഴിമുട്ടാൻ ഇത് കാരണമായി.
സെബാസ്റ്റ്യനും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനെ മറികടക്കുന്നത് രോഗിയായി അഭിനയിച്ചാണ്. ആദ്യത്തെ വെളിപ്പെടുത്തലിനെ തുടർന്ന് വിദഗ്ധ അന്വേഷണം നടന്നിരുന്നുവെങ്കിൽ ബിന്ദു പത്മനാഭൻ തിരോധാനം വർഷങ്ങൾക്ക് മുമ്പേ തെളിയുമായിരുന്നു. അതേസമയം ബിന്ദു പത്മനാഭൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിവിധ സ്ത്രീകൾ നടത്തുന്ന വെളിപ്പെടുത്തലുകൾ ഗൗരവമായി കണ്ട് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.