രണ്ട് കോടിയുടെ തിമിംഗല ദഹനാവശിഷ്ടവുമായി രണ്ട് പേര് കൊച്ചി പള്ളുരുത്തി പൊലീസിന്റെ പിടിയില്‍. പുതുവൈപ്പ് സ്വദേശികളായ ജിനീഷ്, സൗമിത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്നേക്കാല്‍ കിലോ തിമിംഗല ദഹനാവശിഷ്ടമാണ് ഇരുവരുടെ പക്കലുണ്ടായിരുന്നത്. ഡിസിപി അശ്വതി ജിജിക്ക് ലഭിച്ച രഹസ്യവിവവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മറ്റൊരു ഏജന്റില്‍ നിന്ന് സംഘടിപ്പിച്ച തിമിംഗല ദഹനാവശിഷ്ടം വില്പനയ്ക്കായി വിലപറഞ്ഞ് ഉറപ്പിച്ചിരുന്നു. ഇത് കൈമാറാന്‍ പോകുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്.
പള്ളുരുത്തി സിഐ എ.കെ. സുധീറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ തിമിംഗല ദഹനാവശിഷ്ടവുമായി കൊച്ചിയില്‍ പിടിയിലായത് നാല് പേരാണ്. ഒരു കോടിയുടെ തിമിംഗല ദഹനാവശിഷ്ടവുമായി രണ്ട് പേരെ മട്ടാഞ്ചേരി പൊലീസ് ദിവസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു.
എന്താണ് തിമിംഗല ഛര്‍ദി?
തിമിംഗലത്തിന്റെ (സ്പേം വെയ്ല്) ദഹനപ്രക്രിയയ്ക്കിടയില്‍ ഉല്പാദിപ്പിക്കപ്പെടുകയും പുറന്തള്ളുകയും ചെയ്യുന്ന മെഴുകുപോലുള്ള പദാര്‍ഥമാണ് ആംബര്‍ഗ്രിസ്. വെയ്ല് വൊമിറ്റ് എന്നും ഇതറിയപ്പെടുന്നു. ആഡംബര പെര്‍ഫ്യൂമുകളുടെ അസംസ്കൃതവസ്തുവാണിത്. അതുകൊണ്ടാണ് രാജ്യാന്തരവിപണിയില്‍ ആംബര്‍ഗ്രിസിന് ഇത്രയധികം വില ലഭിക്കുന്നത്. ഫ്ലോട്ടിങ് ഗോള്‍ഡ് എന്നും അറിയപ്പെടുന്ന ആംബര്‍ഗ്രിസ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.