പ്രതീകാത്മക ചിത്രം.
തന്‍റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് കൂട്ടുകാരനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലെ മച്ചോഹള്ളിയിലാണ് സംഭവം. ധനഞ്ജയ് (39) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതി വിജയ് പൊലീസ് പിടിയിലായി. മഗാഡി സ്വദേശിയാണ് വിജയ്. രണ്ടുപേരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൂടിയാണ് വിജയ്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരാണ് വിജയ്‌യും ധനഞ്ജയും എന്നും പൊലീസ് പറയുന്നു.
പത്തുവര്‍ഷം മുന്‍പാണ് വിജയ് ആഷ എന്ന യുവതിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. ധനഞ്ജയ് മിക്കപ്പോഴും വിജയ്‌യുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ധനഞ്ജയും ആഷയും തമ്മില്‍ അടുത്തു. അത് അവിഹിതബന്ധത്തിലേക്ക് നയിച്ചു എന്നാണ് വിജയ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കാമാക്ഷിപാളയത്ത് താമസിക്കുമ്പോഴാണ് വിജയ് ഇതേക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഇരുവരെയും അകറ്റാനായി മച്ചോഹള്ളിയിലേക്ക് താമസം മാറി. എന്നാല്‍ ആഷയും ധനഞ്ജയും ഫോണിലൂടെയടക്കം നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരുന്നു.
പലവട്ടം വിജയ് വിലക്കിയിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. ഇതിനിടെ ആഷയും ധനഞ്ജയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിജയ് കാണാനിടയായി. ഇതാണ് കൊലയിലേക്ക് നയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ക്വട്ടേഷന്‍ സംഘത്തിനൊപ്പം ധനഞ്ജയുടെ വീട്ടുപരിസരത്ത് കാത്തുനിന്ന വിജയ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ധനഞ്ജയെ കുത്തിവീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിജയ്‌യെ കൊലയ്ക്ക് സഹായിച്ചുവെന്നു കരുതുന്ന ചിലര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെയും വിജയ്‌യുടെ ഭാര്യ ആഷയടക്കമുള്ളവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.