വിവാഹ വാഗ്ദാനം നൽകി സ്ത്രീകളുടെ സ്വർണവും പണവും കവരുന്ന തട്ടിപ്പുകാരന്‍ അറസ്റ്റിൽ. തമിഴ്നാട് പൊലീസ് ഒരു വർഷമായി തിരഞ്ഞു വരുന്ന കാർത്തിക് രാജ് പിടിയിലായത് കേരളത്തില്‍ നിന്ന്. ഇടുക്കി തൊടുപുഴ പൊലീസാണ് ഇയാളെ പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് സ്വര്‍ണമാല കവർന്ന കേസിലാണ് അറസ്റ്റ്.

അഭിലാഷ് എന്ന കള്ള പേരിലാണ് മാട്രിമോണി സൈറ്റ് വഴി ഇയാള്‍ ഇടുക്കി വാഗമൺ സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. ഡോക്ടർ ആണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. കഴിഞ്ഞ അഞ്ചാം തീയതി തൊടുപുഴയിലെത്തി യുവതിയെ നേരിൽ കണ്ട ശേഷം ഒരു മാല സമ്മാനമായി നല്‍കി. അഞ്ചു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണിതെന്ന് പറഞ്ഞ് ഇയാള്‍ കൊടുത്തത് മുക്കുപണ്ടമായിരുന്നു. യുവതിയുടെ കഴുത്തില്‍ കിടന്ന രണ്ടു പവന്‍റെ സ്വര്‍ണമാല വാങ്ങി സ്വന്തം കഴുത്തിലിട്ടാണ് ഇയാള്‍ പോയത്. 

യുവതിയെ കബളിപ്പിച്ച് തമിഴ്നാട്ടിലേക്കാണ് പ്രതി മുങ്ങിയത്. നാമക്കല്ലിൽ വച്ച് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിരവധി സ്ത്രീകളെയാണ് കാർത്തിക് രാജ് വിവാഹ വാഗ്ദാനം നൽകി പറ്റിച്ചത്. പലരും പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതി ചെലവഴിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

A fraudster who swindled women of their gold and money by making false promises of marriage has been arrested. Karthik Raj, who had been wanted by Tamil Nadu Police for a year, was caught in Kerala by the Thodupuzha Police in Idukki. He was arrested in connection with a case where he deceived a young woman he met through a matrimonial site and stole her gold necklace.