11 കാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. തെലങ്കാനയിലെ നല്‍ഗോണ്ടയിലുള്ള അതിവേഗ പോക്സോ കോടതിയാണ് പ്രതിയായ മുഖറാമിനെ തൂക്കിലേറ്റാന്‍ വിധിച്ചത്. തൂക്കുകയറിന് പുറമേ പെണ്‍കുട്ടിയുടെ അമ്മക്ക് 1,10,000 രൂപയും കൊടുക്കണമെന്നും വിധിയിലുണ്ട്. ഊമയും ബധിരനുമാണ് പ്രതി.
കശാപ്പുകാരനായ മുഖാറാം 2013 ഏപ്രില്‍ 28നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സുഹൃത്തിന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്നും ഇറങ്ങിയത്. സുഹൃത്തിനെ കണ്ടതിനുശേഷം വില്‍ക്കണമെന്ന് പറഞ്ഞ് അമ്മ കുട്ടിക്ക് ചായപ്പൊടി വില്‍ക്കാനേല്‍പ്പിച്ചിരുന്നു.
തന്‍റെ വീടിനടുത്തുകൂടി വന്ന കുട്ടിയെ ചായപ്പൊടി വാങ്ങാനെന്ന വ്യാജേനയാണ് മുഖറാം അകത്തേക്ക് വിളിച്ചത്. അകത്തേക്ക് കയറിയ ഉടനെ ഇയാൾ കുട്ടിയുടെ വായ പൊത്തി, വീടിന്റെ പിൻവശത്തുള്ള ഒരു കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു, കൈകൾ ഒരു കയറുകൊണ്ട് കെട്ടി, കുട്ടിയുടെ ഷാള്‍ ഉപയോഗിച്ച് വായ് മൂടിക്കെട്ടി. എതിർത്തപ്പോൾ, കുട്ടിയുടെ കവിളിലും മുഖത്തും നെഞ്ചിലും അടിച്ചു. തുടര്‍ന്ന് ക്രൂര ബലാത്സംഗം ചെയ്യുകയും ചെയ്തു. കുട്ടി ബലാല്‍സംഗവിവരം മാതാപിതാക്കളോട് പറയുമെന്ന് ഭയന്ന് അയാൾ ഇരയെ ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്നു രാത്രി തന്നെ മൃതദേഹവും ചായ പാക്കറ്റുകളും അടുത്തുള്ള ഓടയിൽ ഉപേക്ഷിച്ചു.
പിറ്റേന്ന് മൃതശരീരം കണ്ടെടുത്തപ്പോള്‍ തന്നെ കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചിരുന്നു. അന്വേഷണ വേളയില്‍ തന്നേയും അനിയത്തിയേയും മുഖാറാം മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്ന മൂത്ത സഹോദരിയുടെ മൊഴി നിര്‍ണായകമായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് മുഖാറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.