ആരാധകൻ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ദര്‍ശന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് ജാമ്യം നല്‍കിയ കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. എത്ര വലിയവനായാലും നിയമത്തിന് അതീതനല്ലെന്ന് കോടതി നിരീക്ഷിച്ചു. ദർശന്‍റെ ജാമ്യം ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി.
ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഗുരുതര പോരായ്മകളുള്ളതാണ് ഹൈക്കോടതി ഉത്തരവെന്നും കുറ്റകൃത്യത്തിന്‍റെ ഗൗരവം മനസിലാക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൗരവമേറിയ കേസില്‍ ജാമ്യം നല്‍കിയത് വിവേചനാധികാരത്തിന്‍റെ അനാവശ്യ പ്രയോഗമാണ്. പ്രശസ്തിയോ പദവിയോ പരിഗണിക്കാതെ എല്ലാ വ്യക്തികളും നിയമത്തിന് വിധേയരാണെന്നും ജസ്റ്റിസ് മഹാദേവന്‍ ഉത്തരവില്‍ പറഞ്ഞു. ഡിസംബര്‍ 13 നാണ് ദര്‍ശനും അഞ്ച് കൂട്ടുപ്രതികള്‍ക്കും ജാമ്യം ലഭിച്ചത്.
ദർശനുമായി അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ഗൗതം_കെഎസ്_1990 എന്ന വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് രേണുകസ്വാമി പവിത്രയ്ക്ക് സന്ദേശങ്ങളയച്ചു. പവിത്ര, ദര്‍ശനെ വിട്ട് തന്റ കൂടെ വന്നു താമസിക്കണമെന്ന് രേണുകസ്വാമി ആവശ്യപ്പെടാന്‍ തുടങ്ങി.
ഇതിന് പിന്നാലെ രേണുകസ്വാമിയെ തട്ടികൊണ്ടുപോവുകയും കൊലപ്പെടുത്തുകയുമായിരുന്നു.