കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടി പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. അസമുകാരന്‍ പ്രസന്‍ ജിത്തിനെയാണ് ഫറോക്ക് ചന്ത യുപി സ്കൂളിലെ ശുചിമുറിയില്‍ നിന്ന് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് തേടി
ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി പ്രതി ചാടി പോയത്. ഒമ്പതാം ക്ലാസുകാരിയെ കടത്തികൊണ്ടു പോയ കേസിലെ പ്രതിയാണ് പ്രസന്‍ ജിത്ത്. ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ പ്രസന്‍ ജിത്തിനെ ഇന്നലെയാണ് ഫറോക്ക് സ്റ്റേഷനില്‍ എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാനിരിക്കെ സ്റ്റേഷന്റ മുകള്‍ നിലയിലെ മുറി വഴി കടന്നുകളയുകയായിരുന്നു. രണ്ട് പൊലീസുകാരൊഴിച്ച് ബാക്കിയെല്ലാവരും ഫറോക്കില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിഷേധത്തിനായി പോയ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. ഫറോക്ക് ചന്തയ്ക്ക് സമീപം ഇയാളെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക തിരിച്ചിനൊടുവിലാണ് സമീപത്തെ സ്കൂളിലെ ശുചിമുറിയില്‍ നിന്ന് പുലര്‍ച്ചേ പിടികൂടിയത്.
നാട്ടുകാരുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. കോടതിയില്‍ ഹാജരാക്കിയ പ്രസന്‍ജിത്തിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എസ്എച്ച്ഒയോടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന