മഹാരാഷ്ട്രയിലെ ജാല്‍ഗണില്‍ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. പത്തംഗ അക്രമിസംഘമാണ് സുലൈമാന്‍ റഹീം ഖാന് പത്താനെ(21) ആക്രമിച്ചതും കൊലപ്പെടുത്തിയതും . അന്യജാതിയില്‍പ്പെട്ട പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നും 8 പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. ALSO READ; മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം; വിവാദ വാഗ്ദാനവുമായി എംഎല്‍എ
പൊലീസ് റിക്രൂട്ട്മെന്റിന് സെലക്ഷനുവേണ്ടി ഓണ്‍ലൈന്‍ ഫോം എടുക്കാനായി ഇന്റര്‍നെറ്റ് കഫേയിലേക്ക് പോയതായിരുന്നു പത്താന്. ഈ സമയം പത്താനൊപ്പം ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. കഫേയിലിരിക്കുമ്പോള് 10അംഗസംഘം യുവാവിനെ അന്വേഷിച്ചെത്തി. ഇതിലൊരാള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. അതിലെ ചിത്രങ്ങളെല്ലാം പരിശോധിച്ചു. ഇതിലൊരു ചിത്രം കണ്ടതിനുശേഷമായിരുന്നു അതിക്രമം. തുടര്‍ന്ന് കഫേ മുതല്‍ പത്താന്റെ വീടുവരെ ഈ സംഘം യുവാവിനെ തല്ലിച്ചതച്ചുവെന്നാണ് വിവരം. വീടിനടുത്തെത്തിയപ്പോള്‍ അക്രമിസംഘം വടിയെ പത്താനെ അതിക്രൂരമായി മര്‍ദിച്ചു.
യുവാവിന്റെ മതാപിതാക്കളും സഹോദരിയും അക്രമികളെ പ്രതിരോധിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. അവരെയും ഇവര്‍ തല്ലിച്ചതച്ചു. ഇതിനിടെ സുലൈമാന്‍ റഹിംഖാന് ബോധംകെട്ടു വീണു. മരിച്ചുവെന്ന് കരുതി അക്രമികള്‍ കടന്നുകളഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി.
കുടുംബത്തിലെ ഏക ആണ്‍തരിയായിരുന്നു. തന്റെ ഏക ആശ്രയമായിരുന്നു പത്താനെന്നു എന്നുപറഞ്ഞ് വിലപിക്കുന്ന പിതാവ് സുലൈമാന്റെ കാഴ്ച നെഞ്ചുപൊള്ളിക്കുന്നതായിരുന്നു. പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അവന്. അതിന്റെ ആവശ്യത്തിനായി പുറത്തുപോയ പത്താനെ 15ഓളം പേര് ചേര്‍ന്ന് മര്‍ദിച്ചവശനാക്കി വീട്ടില്‍ കൊണ്ടുവരികയായിരുന്നു. അവനെ രക്ഷിക്കാന്‍ ഞങ്ങള്‍ പരമാവധി നോക്കി. പക്ഷേ അവര്‍ ഞങ്ങളെയും അടിച്ചിട്ടു. എന്നെയും ഭാര്യയെയും മകളെയും മാത്രമല്ല എന്റെ 80 വയസ്സുള്ള പിതാവിനെ പോലും അവര്‍ വെറുതെവിട്ടില്ല എന്നാണ് സുലൈമാന്‍ പറയുന്നത്.
ദേഹമാസകലം ചോരയൊലിച്ചാണ് യുവാവ് കിടന്നത്. ശരീരത്തില്‍ ഒരിടത്തുപോലും മുറിവേല്‍ക്കാത്തതായി ഉണ്ടായിരുന്നില്ല. ഗ്രാമവാസികളെയും അക്രമികള്‍ ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവരാരും പത്താനെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല. അവന് ഒരു പെണ്‍കുട്ടിയുമായും പ്രണയത്തിലല്ല. അവര്‍ പറയുന്നതെല്ലാം കള്ളമാണ്. എന്റെ മകനെ അകാരണമായി അവര്‍ കൊന്നുതള്ളിയതാണ് എന്നും സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു.
അഭിഷേക് രാജ്കുമാര് രജ്പുത്ത് (22), ഘനശ്യാം എന്നറിയപ്പെടുന്ന സൂരജ് ബിഹാരി ലാല്‍ ശര്‍മ (25), ദീപത് ബാജിറാവു (20), രഞ്ജത്ത് എന്നറിയപ്പെടുന്ന രഞ്ജിത്ത് രാംകൃഷ്ണ മറ്റാഡേ (48), കൃഷ്ണ തെലി, തേജ്വല് തെലി, ഋഷികേശ് തെലി തുടങ്ങിയവരെയാണ് പൊലീസ് പിടികൂടിയിരുക്കുന്നത്. ആഗസ്റ്റ് 18 വരെ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.