കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയി. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അസംകാരന്‍ പ്രസന്‍ജിത്ത് ആണ് ചാടിപോയത്. കയ്യിൽ വിലങ്ങോടെയാണ് പ്രതി രക്ഷപ്പെട്ടത്. വൈകീട്ട് ഏഴരയോടെയാണ് സംഭവം.
വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയായ പ്രസന്‍ജിത്തിനെ ഇന്നലെ വൈകിട്ടോടു കൂടിയാണ് ബെംഗളുരുവിൽ നിന്ന് പൊലീസ് പിടികൂടുന്നത്. പുലർച്ചെ ഫറോക്ക് സ്റ്റേഷനിലെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാനുള്ള ഒരു നീക്കത്തിലായിരുന്നു. ഇതിനിടയിലാണ് പൊലീസിനെ വെട്ടിച്ച് മുങ്ങിയത്.
വൈകിട്ട് ഫറോക്കില്‍ ബി.ജെ.പിയുടെ പ്രതിഷേധം നടന്നിരുന്നു. പൊലീസുകാരും വാഹനങ്ങളും പ്രതിഷേധത്തിന് പോയതിനാല്‍ ഇതിന് ശേഷം പ്രതിയെ ഹാജരാക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പോലീസ് സ്റ്റേഷന്റെ പിറകിലെ മുറിയുടെ ഭാഗത്തുകൂടി ഇയാള്‍ ചാടിപോയത്. ഈ ഭാഗത്തുകൂടി ഇറങ്ങി നടന്നാല്‍ ഫറോക്ക് മാര്‍ക്കറ്റില്‍ എത്താം. ഈ ഭാഗത്ത് നിന്ന് ഇയാളെ പലരും കണ്ടിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ ഫറോക്ക് മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുമാണ് പരിശോധന നടക്കുന്നത്.
ഇതിന് സമീപത്ത് തന്നെയാണ് റെയിൽവേ സ്റ്റേഷനുള്ളത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്.