പ്രതി ഡേ. രാമചന്ദ്രയ്യ, കൊല്ലപ്പെട്ട ലക്ഷ്മി ദേവി.
കര്‍ണാടകയിലെ ചിമ്പുഗനഹള്ളിയില്‍ സ്ത്രീയുടെ മൃതദേഹഭാഗങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്ത സംഭവത്തില്‍ വ്യക്തത വരുത്തി പൊലീസ്. ബെല്ലാവി സ്വദേശി ലക്ഷ്മി ദേവി(42)യാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ മരുമകനാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ദന്തഡോക്ടറായ രാമചന്ദ്രയ്യ (47) ആണ് കേസിലെ പ്രധാന പ്രതി. ഇയാളെ കൃത്യം നടപ്പാക്കാന്‍ സഹായിച്ച കല്ലഹള്ളി സ്വദേശികളായ സതീഷ് കെ.എന്‍ (38), കിരണ്‍ കെ.എസ് (32) എന്നിവരും പൊലീസ് പിടിയിലായി.
ലക്ഷ്മി ദേവിയുടെ മകള്‍ തേജസ്വി(26)യാണ് രാമചന്ദ്രയ്യയുടെ ഭാര്യ. ഇയാളുടെ രണ്ടാം വിവാഹമാണിത്. തേജസ്വിനി ലക്ഷ്മി ദേവി പറയുന്നത് മാത്രമാണ് കേള്‍ക്കുന്നതെന്നും ഇതുകാരണം തന്‍റെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ പതിവായെന്നും രാമചന്ദ്രയ്യ പറയുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പടുത്തിയ ശേഷം 2019ലാണ് തേജസ്വിനിയെ വിവാഹം കഴിച്ചത്. എന്നാല്‍ അമ്മായിയമ്മയുടെ അനാവശ്യ ഇടപെടല്‍ സ്വസ്തത കെടുത്തുന്നതായിരുന്നു. ഇത് പരിധിവിട്ടപ്പോഴാണ് കൊല ചെയ്തതെന്ന് രാമചന്ദ്രയ്യ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.
ആഗസ്റ്റ് മൂന്നിനാണ് കൊല നടന്നതായി പൊലീസ് പറയുന്നത്. അന്നേദിവസം ലക്ഷ്മി ദേവി മകളുടെ അടുത്തേക്ക് പോകുകയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. പിറ്റേദിവസമായിട്ടും ഭാര്യ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ് ബസവരാജ് പൊലീസില്‍ പരാതിയുമായെത്തി. മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്മി ദേവിയുടെ മൃതദേഹഭാഗങ്ങള്‍ 19 ഇടങ്ങളില്‍ നിന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ തെളിവെടുപ്പടക്കം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.