ആലപ്പുഴ കരുവാറ്റയിൽ ദേശീയ പാത നിർമാണത്തിനുപയോഗിച്ച ടിപ്പർ ലോറി മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ കണ്ണൂർ ചാവശേരി സ്വദേശി നൗഷാദിനെ ആണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. മോഷണം പോയ ലോറിയും വാഹനം കൊണ്ടു പോയ ആളുകളെയും തമിഴ്നാട്ടിൽ നിന്ന് നേരത്തെപിടി കൂടിയിരുന്നു.
ദേശീയപാതയുടെ നിർമ്മാണ ആവശ്യത്തിന് കരാർ കമ്പനി ഉപയോഗിച്ചിരുന്ന ടിപ്പർ ലോറി ജൂൺ 23-നാണ് മോഷണം പോയത്. വാഹനത്തിൻ്റെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് വിവരം കൈമാറിയതിനെ തുടർന്ന് വണ്ടിയും കൊണ്ടുപോയ ആളുകളെയും തമിഴ്നാട് പോലീസ് നേരത്തെ പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോൾ മലപ്പുറത്തുള്ള ഒരാൾ പറഞ്ഞിട്ടാണ് ടിപ്പർ മോഷ്ടിച്ചതെന്ന് പിടിയിലായവർ മൊഴി നൽകി.
തൻ്റെ വാഹനമാണെന്ന് ഇയാൾ പറഞ്ഞുവെന്നും പിടിയിലായവർ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് മുൻപ് മോഷണ കേസുകളുള്ള ഒരാളുമായി ബന്ധമുണ്ടെന്ന് മനസ്സിലായി. ലഭ്യമായ ഒരു മൊബൈൽ നമ്പറിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് പിടിയിലായത്.
ഇയാൾ കോഴിക്കോട് ഒരു ഹോട്ടലിൽ ഉസ്മാൻ എന്ന കള്ളപ്പേരിൽ ജോലി ചെയ്തിരുന്നതായി വ്യക്തമായി. ഇവിടെ നിന്ന് ഇയാളുടെ ഫോട്ടോയും ലഭിച്ചു. കോഴിക്കോട്, ഫറോക്ക്, ചേളാരി, പരപ്പനങ്ങാടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നൗഷാദിനെ ചേളാരിയിലെ ലോഡ്ജിൽ നിന്നാണ് ഹരിപ്പാട് സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടിയത്.