ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കാൻ കൊച്ചിയിൽ ഉത്തരേന്ത്യൻ മോഡൽ മോഷണം. ട്രെയിന്‍റെ വാതിൽപ്പടിയിൽ ഇരുന്നു യാത്ര ചെയ്യുന്നരെ വടികൊണ്ട് അടിച്ചാണ് മൊബൈലുകൾ മോഷ്ടിക്കുന്നത്. ലഹരി വാങ്ങാൻ മോഷണം നടത്തുന്ന പ്രായപൂർത്തിയാവാത്ത ആൺകുട്ടി ഉൾപ്പെടെ ആറംഗ സംഘത്തെ റെയിൽവേ പോലീസ് പിടികൂടി.
സ്റ്റേഷനുകൾക്ക് സമീപം ട്രെയിനുകൾ വേഗത കുറയ്ക്കുന്ന സമയത്ത്, വാതിൽ പടിയിലും ജനൽ അരികിലും ഇരുന്ന് മൊബൈൽ നോക്കുന്നവരുടെ കയ്യിൽ നീണ്ട വടിവെച്ച് ഒറ്റയടി. അടിയുടെ ആഘാതത്തിൽ, മൊബൈൽ ഫോൺ താഴെ വീഴും. അതും എടുത്ത് ബൈക്കിൽ രക്ഷപ്പെടും. ഉത്തരേന്ത്യക്കാരുടെ റീലുകളിൽ കണ്ട ഈ മോഷണ രീതിയാണ് ആറംഗസംഘം ഇത്രയും നാളും പയറ്റി കൊണ്ടിരുന്നത്. ലക്ഷ്യം വെച്ചതാവട്ടെ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെയും. അതുകൊണ്ടുതന്നെ പരാതികൾ ഉണ്ടായില്ല.
കളമശ്ശേരി സ്വദേശി മുഹമ്മദ് ഫസൽ, മലയിടം തുരുത്ത് സ്വദേശി ഷെഫിൻ, മലപ്പുറം ആലത്തൂർ സ്വദേശി ആഷിക്, പെരുമ്പാവൂർ സ്വദേശി ജോസ് വിൻ, അല്ലപ്ര സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രായപൂർത്തിയാവാത്തയാളാണ് മോഷണത്തിന്‍റെ സൂത്രധാരൻ. മോഷണത്തിൽ നിന്ന് ലഭിക്കുന്ന പണം ലഹരിക്കായി ഉപയോഗിക്കും. മൊബൈൽ മോഷണത്തിനു ശേഷം, ഇവർ ബൈക്കിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും റെയിൽവേ പോലീസിന് ലഭിച്ചു.