കോഴിക്കോട് മൂടാടിയില്‍ അനധികൃതമായി കടത്തിയ 130.5 ലിറ്റര്‍ മാഹി വിദേശമദ്യവുമായി യുവാവ് പിടിയില്‍. മാഹി സ്വദേശി മണ്ടപ്പറമ്പത്ത് ശ്യാമിനെയാണ് പിടികൂടിയത്.
മൂടാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വെച്ചാണ് ശ്യാമിനെ എക്സൈസ് സംഘം പിടികൂടിയത്. തൃശൂരിലെ വിവിധ ബാറുകളിലേക്ക് വേണ്ടിയായിരുന്നു മദ്യകടത്ത്. കാറിനുള്ളില്‍ വിവിധയിടങ്ങളിലായി ഗിഫ്റ്റ് ബോക്സില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. 180 മദ്യക്കുപ്പികള്‍ എക്സൈസ് സംഘം കണ്ടെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. വില കൂടിയ മദ്യങ്ങളാണ് പ്രതി കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. ആഢംബരവാഹനങ്ങളിലാണ് പതിവായി ശ്യാം മദ്യം കടത്തികൊണ്ടിരുന്നത്. മാഹിയില്‍ നിന്ന് സ്ഥിരമായി മദ്യം കടത്തുന്നയളാണ് ശ്യാമെന്ന് എക്സൈസ് വ്യക്തമാക്കി. കൊയിലാണ്ടി എക്സൈസ് പിടികൂടിയ ശ്യാമിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.