കോഴിക്കോട് വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണം മോഷ്ടിച്ചയാൾ പിടിയിൽ. മുംബൈ പൻവേലിൽ നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോഴിക്കോട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഡൽഹിക്കാരൻ വസീം അക്രമാണ് മോഷണം നടന്ന് മൂന്നാം ദിവസം പിടിയിലായത്. ഔദ്യോഗിക രേഖകളിൽ ഡൽഹിയാണെങ്കിലും സ്വദേശം ഉത്തർപ്രദേശാണെന്ന് പൊലീസ്. ട്രെയിനുകൾ കേന്ദ്രീകരിച്ച് സ്ഥിരം കവർച്ച നടത്തുന്നയാളാണ്.
വെള്ളിയാഴ്ച കവർച്ചയ്ക്ക് ശേഷം ട്രെയിനിൽ നിന്ന് ചാടി മറ്റൊരു ട്രെയിനിൽ മഡ്ഗാവിലും പിന്നീട് പൻവേലിലേക്കും കടന്നുകളയുകയായിരുന്നു. സമ്പർക്കക്രാന്തി എക്സ്പ്രസ്സിൽ യാത്ര ചെയ്യുമ്പോൾ കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിൽ വെച്ചായിരുന്നു മോഷണം. തൃശ്ശൂർ സ്വദേശി അമ്മിണി ട്രെയിനിന്റെ വാതിലിനരികിൽ നിൽക്കുമ്പോൾ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു.
പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ വയോധികയെ പുറത്തേക്ക് തള്ളിയിട്ട് മോഷ്ടാവ് ഇറങ്ങി ഓടി. ട്രെയിൻ പതിയെ പോയതിനാൽ അപകടം ഒഴിവായി. സാരമായി പരുക്കേറ്റ അമ്മിണി ആശുപത്രിയിൽ ചികിത്സ തേടി. 8500 രൂപയും മൊബൈൽ ഫോണുമടങ്ങിയ ബാഗുമാണ് നഷ്ടമായത്. പ്രതിയെ നാളെ കോഴിക്കോട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.