crime-lucknow

പ്രതീകാത്മക ചിത്രം.

TOPICS COVERED

അച്ഛനെ കൊലപ്പെടുത്തിയ ആളെ 17 വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്തി മകന്‍. ചെന്നൈയ്ക്ക് സമീപം ടി.പി ഛത്രത്തിലാണ് സംഭവം. യുവനേഷ് കുമാര്‍ (19) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവനേഷിനെ കൊലയ്ക്ക് സഹായിച്ച രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതിലൊരാള്‍ക്ക് 17 വയസ്സ് മാത്രമാണ് പ്രായം. മൂന്നുപേര്‍ക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 

രണ്ട് വയസ്സുള്ളപ്പോഴാണ് യുവനേഷിന്‍റെ അച്ഛന്‍ സെന്തില്‍ കുമാറിനെ രാജ് കുമാര്‍ എന്ന ഗുണ്ട കൊലപ്പെടുത്തിയത്. 2008ല്‍ അമിഞ്ചിക്കരൈയിലായിരുന്നു സംഭവം. 17 വര്‍ഷക്കാലം യുവനേഷ് രാജ് കുമാറിനോടുള്ള പക കാത്തുസൂക്ഷിച്ചു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് യുവനേഷ് തന്‍റെ വീടിനുസമീപം കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അവിടേക്ക് രാജ് കുമാര്‍ എത്തി. അച്ഛനെ കൊലപ്പെടുത്തയ സംഭവം ഓര്‍മപ്പെടുത്തിക്കൊണ്ട് യുവനേഷിനെ അനാവശ്യമായി രാജ് കുമാര്‍ പ്രകോപിപ്പിക്കുകയുണ്ടായി. ഇതോടെ യുവനേഷ് കൂട്ടുകാര്‍ക്കൊപ്പം രാജ് കുമാറിനെ കൊലപ്പെടുത്താനുള്ള നീക്കം തുടങ്ങി.

കഴിഞ്ഞ ബുധനാഴ്ച യുവനേഷും കൂട്ടുകാരും രാജ് കുമാറിന്‍റെ വീട്ടിലെത്തി. ഈ സമയം വീടിനുവെളിയില്‍ തന്‍റെ ബൈക്ക് ശരിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു രാജ് കുമാര്‍. ആയുധങ്ങളുമായെത്തിയ യുവനേഷും കൂട്ടരും രാജ് കുമാറിനെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ അയല്‍പക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുര്‍ന്നെത്തിയ സംഘം ആ വീടിന്‍റെ അടുക്കളയില്‍ വച്ച് കൃത്യം നടപ്പാക്കി. രാജ് കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വീട്ടുകാരുടെ മുന്നിലിട്ടാണ് രാജ് കുമാറിനെ യുവനേഷ് കുത്തിക്കൊലപ്പെടുത്തിയത്. ശേഷം മൂവരും സ്ഥലംവിട്ടു.

പ്രദേശവാസികള്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് ടി.പി ഛത്രം പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍സ്പെക്ടര്‍ നസീമയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയാണ് യുവനേഷ്. സായ് കുമാര്‍ എന്ന ഇരുപതുകാരനും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. രാജ് കുമാര്‍ അനാവശ്യമായി പ്രകോപിപ്പിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്ന് യുവനേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്തയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ക്ക് സഹായം നല്‍കി എന്ന് സംശയിക്കുന്ന ആറുപേര്‍ക്കായി പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Seventeen years after his father was murdered, college student Yuvanesh, now aged 19, murdered his father’s killer Raj Kumar on Wednesday. Yuvanesh was two-years-old father when his father Senthil Kumar was killed by Raj Kumar, 47, a B-category rowdy, in 2008 in Aminjikarai. The TP Chathiram police arrested the youth, along with two others, including a 17-year-old juvenile, on murder charges, on Thursday.