ചെമ്മരിയാടിന്റെ രോമത്തില്‍ നിന്ന് കമ്പിളിയുണ്ടാക്കിയാല്‍ തണുപ്പില്‍ നിന്ന് രക്ഷ നല്‍കും. എന്നാല്‍ രോമം കമ്പിളിയുണ്ടാക്കാന്‍ മാത്രമല്ല, ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താമെന്നും കണ്ടെത്തി ലഹരിക്കടത്തുകാര്‍. ചെമ്മരിയാടിന്റെ രോമത്തില്‍ ഒളിപ്പിച്ച് ആംഫിറ്റാമിന്‍ ഗുളികകള്‍ജോര്‍ദാനില്‍ നിന്ന് കടത്തിയത് ലഹരിക്കടത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സൗദിയിലേക്കാണ്.
ചെമ്മരിയാടിന്റെ രോമത്തിന്റെ അതേനിറത്തില്‍, നീളത്തിലുള്ള പ്ലാസ്റ്റിക് ഉറകള്‍. മുറിച്ചു നോക്കിയാലോ നിറയെ ആംഫിറ്റമിന്‍ ഗുളികകള്‍. സൗദി – ജോര്‍ദന്‍ അതിര്‍ത്തിയിലെ അല്‍ ഹദീസ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനയിലാണ് ലഹരി പിടികൂടിയത്. നാലുലക്ഷത്തിലേറെ ഗുളികകള്‍. ചെമ്മരിയാടിന്‍റ രോമം തന്നെ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു പ്ലാസ്റ്റിക് ഉറകള്‍. ലഹരിമരുന്ന് കണ്ടെത്താന്‍ പരിശീലനം കിട്ടിയ നായ്ക്കള്‍ മാത്രമല്ല, ആധുനിക സാങ്കേതികവിദ്യകളും വേണ്ടിവന്നു കടത്ത് കണ്ടെത്താന്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റുമായി സഹകരിച്ചു നടത്തിയ പരിശോധനയില്‍ ചെമ്മരിയാടുകളെ ഏറ്റുവാങ്ങാനെത്തിയ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തതായി സകാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ലഹരിക്കടത്തിനെതിരെ അയല്‍രാജ്യങ്ങളുമായി സഹകരിച്ച് സൗദി കടുത്ത നടപടിയാണ് എടുക്കുന്നത്. ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരാക്കിയ 217 പേരില്‍ 144 പേരും ലഹരിക്കടത്തിന് ശിക്ഷിക്കപ്പെട്ടവരാണ്.