അനന്തരവന്‍റെ ഓണ്‍ലൈന്‍ ഗെയിം അതിരുവിട്ടതോടെ വകവരുത്തി അമ്മാവന്‍. ബെംഗളൂരുവിലെ സൊലദേവനഹള്ളിയിലാണ് സംഭവം. അമോഘാകൃതി (14) ആണ് കൊല്ലപ്പെട്ടത്. കേസില്‍ നാഗപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസമായി അമ്മയുടെ സഹോദരനായ പ്രസാദിനൊപ്പമാണ് അമോഘ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.
കടുത്ത ഓണ്‍ലൈന്‍ ഗെയിം കളിക്കാരനായ അമോഘ പലപ്പോഴും പണം ആവശ്യപ്പെട്ട് അമ്മാവനെ ബുദ്ധിമുട്ടിച്ചുവന്നു. പണം നല്‍കാതെ വന്നതോടെ തന്നെ ആക്രമിച്ചു. സഹിക്കാന്‍ വയ്യതെ വന്നതോടെ താന്‍ അമോഘയെ വകവരുത്തുകയായിരുന്നുവെന്ന് പ്രസാദ് പൊലീസിനോട് സമ്മതിച്ചു. തിങ്കളാഴ്ച നാലരയോടെയാണ് അമോഘയെ കൊലപ്പെടുത്തിയത്. പിന്നാലെ വീട് പൂട്ടി നാഗപ്രസാദ് സ്ഥലം വിടുകയും ചെയ്തു. കൃത്യത്തിന് ശേഷം നദിയില്‍ ചാടി ജീവനൊടുക്കാനായിരുന്നു തന്‍റെ പദ്ധതിയെന്നും പക്ഷേ യാത്ര ചെയ്യാനുള്ള പണമില്ലാതിരുന്നതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
കുറ്റബോധത്തെ തുടര്‍ന്ന് നാഗപ്രസാദ് തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും അമോഘയുടെ ജഡം കണ്ടെടുക്കുകയായിരുന്നു. ഗെയിം കളിച്ചിരിക്കാനായി അമോഘ സ്കൂള്‍ പഠനം പോലും മുടക്കിയെന്നും പണം ആവശ്യപ്പെട്ട് വീട്ടുകാരെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അമോഘയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ റിമാന്‍ഡിലാണ്.