3000 രൂപയ്ക്ക് വാങ്ങി വിൽപന 25000 രൂപയ്ക്ക്. കഞ്ചാവ് കച്ചവടത്തിലൂടെ ഇതരസംസ്ഥാനക്കാർ ഉണ്ടാക്കുന്ന ലാഭത്തിന്റെ കണക്കാണിത്. ലാഭകണക്ക് കേട്ട് പൊലീസുകാരും ഞെട്ടി. കാലടിയിൽ കഞ്ചാവുമായി പിടിയിലായ ബംഗാളുകാരാണ് ലാഭകണക്ക് പുറത്തുവിയിട്ടത്. 16 കിലോ കഞ്ചാവാണ് ബംഗാളുകാരായ സഹീദുൽ ഇസ്ലാം, അസൂർ ഇസ്ലാം എന്നിവരിൽ നിന്ന് പിടികൂടിയത്. പെരുമ്പാവൂർ എ എസ് പി ഹർദിക് മീണയുടെ സ്ക്വാഡും കാലടി പൊലീസും കാലടി മരോട്ടിച്ചോടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കാലടിയിലും പരിസരങ്ങളിലുമുള്ള ഇടപാടുകാർക്ക് വിതരണം ചെയ്യാൻ ഒഡീഷയിൽ നിന്നും എത്തിച്ചതാണ് പതിനാറ് കിലോ കഞ്ചാവ്.
അങ്കമാലിയിൽ ട്രെയിൻ ഇറങ്ങിയ ഇരുവരും കഞ്ചാവ് അടങ്ങിയ ബാഗുകളുമായി ഓട്ടോയിൽ കാലടിയിലേക്ക് വെച്ചുപിടിച്ചു. പുലർച്ചെ കഞ്ചാവുമായി ഇരുവരും വരുന്ന വിവരം ആരോ പൊലീസിനെ അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ മഫ്തിയിൽ കാത്തുനിന്ന പൊലീസുകാർ ഇരുവരെയും പിന്തുടർന്ന് പൂട്ടി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലഹരികച്ചവടത്തിന്റെ രഹസ്യങ്ങൾ ഇരുവരും പൊലീസിനോട് മണി മണിയായി പങ്കുവച്ചു.
3000 രൂപയ്ക്കാണ് ഇവർ ഒഡീഷയിലെ കൃഷിയിടങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങിയത്. കേരളത്തിലെത്തിച്ച് നൽകുമ്പോൾ കാൽ ലക്ഷം പോക്കറ്റിൽ. കഞ്ചാവ് ആർക്കാണ് എത്തിച്ചതടക്കമുള്ള വിവരവും ഇരുവരും പൊലീസിനോട് പങ്കുവെച്ചിട്ടുണ്ട്. വൻ ലാഭം ലക്ഷ്യമിട്ട് മറ്റ് ജോലികൾ ഉപേക്ഷിച്ച് ലഹരികടത്തിലേക്ക് തിരിഞ്ഞ നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്