തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. തിരുപ്പൂരില്‍ എസ്ഐയെ കൊന്ന പ്രതികളില്‍ ഒരാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ആക്രമിച്ചതോടെയാണ് വെടിവച്ചതെന്നാണ് പൊലീസ് വാദം.
ചൊവ്വാഴ്ച രാത്രിയാണ് കുടിമംഗലം സ്റ്റേഷനിലെ സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ ഷണ്മുഖവേല് അണ്ണാഡിഎംകെ എംഎല്‍എയുടെ തോട്ടത്തില്‍ കൊല്ലപ്പെട്ടത്. തോട്ടം ജീവനക്കാരായ അച്ഛനും രണ്ട് മക്കളുമാണ് പ്രതികള്‍. ഇതില്‍ മൂര്‍ത്തിയും മകന് തങ്കപാണ്ടിയും ഇന്നലെ പൊലീസില്‍ കീഴടങ്ങി. മണികണ്ഠനായി പൊലീസില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ ഉദുമല്പ്പെട്ടില് ഇയാള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. പ്രത്യേക അന്വേഷണസംഘം മണികണ്ഠനെ പിടികൂടാന്‍ ശ്രമിക്കവെ ഇയാള്‍ കൈൈവശമുള്ള കത്തിയുമായി പൊലീസുകാരനെ ആക്രമിച്ചു. ഇതോടെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണികണ്ഠന്റെ ജീവന് രക്ഷിക്കാനായില്ല. പരുക്കേറ്റ എസ്ഐ ശരവണകുമാര്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച രാത്രി അച്ഛനും മക്കളും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഷണ്മുഖവേല്. മദ്യലഹരിയിലായിരുന്ന ഇവര്‍ പിന്നീട് ഷണ്മുഖവേലിനെ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണികണ്ഠനാണ് ഷണ്മുഖവേലിന്റെ കഴുത്തില്‍ വെട്ടിയതെന്നാണ് വിവരം