കോഴിക്കോട് എന്‍.ഐ.ടിയിലെ വിദ്യാര്‍ഥി ആത്മഹത്യകള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ അന്വേഷിക്കും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എന്‍ എടി യില്‍ ഉണ്ടായ ആത്മഹത്യകളും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന്‍റെയും കണക്കുകള്‍ വിവരാവകാശ രേഖകള്‍ സഹിതം മനോരമന്യൂസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ഇടപെടല്‍
2024 മേയ് അഞ്ചിന് പൂണൈ സ്വദേശി യോഗേശ്വര്‍ നാഥ് എന്ന വിദ്യാര്‍ഥി കോഴിക്കോട് എന്‍.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയതോടെയാണ് പ്രതിഷേധങ്ങള്‍ കനത്തത്. തുടര്‍ന്ന് മനോരമ ന്യൂസ് വിവരവകാശ നിയമ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 540 വിദ്യാർഥികളാണ് എന്‍ഐ ടിയില്‍ നിന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചത്. അതായത് ഒരു വർഷം 54 പേർ. ഏഴ് വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ ആത്മഹത്യ ചെയ്തു.വാര്‍ത്തയ്ക്ക് പിന്നാലെ യൂത്ത് കോണ‍്ഗ്രസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.
ജാതിവിവേചനവും വിദ്യാര്‍ഥികളുടെ ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിദ്യാര്‍ഥിസംഘടനകളുടെ ആരോപണം. ആത്മഹത്യകളും, അതിനുള്ള സാഹചര്യങ്ങളും അന്വേഷിക്കേണ്ട പൊലീസ് ' പഠനസമ്മർദ്ദം മൂലമാണ് ആത്മഹത്യയെന്ന ' ഒറ്റവരിയിൽ അന്വേഷണങ്ങൾ അവസാനിപ്പിക്കുകയായിരുന്നു പതിവ്. യു.ജി.സി ആന്‍റി റാഗിങ്ങ് സെല്ലിന് നല്‍കിയ പരാതികള്‍ പോലും അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട് .