സമൂഹ മാധ്യമത്തിലൂടെ അശ്ലീല ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി, യുവതിയുടെ ഫോൺ തട്ടിപ്പറിച്ചോടിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. ആലക്കോട് സ്വദേശിനിയായ യുവതിയുെട പരാതിയിൽ കണ്ണാടിപ്പറമ്പ് സ്വദേശിയായ സജീറിനെയാണ് അറസ്റ്റ് ചെയ്തത്.
ബസ് യാത്രയ്ക്കിടെയാണ് യുവതിയുമായി സജീർ ബന്ധം സ്ഥാപിച്ചത്. തുടർന്ന് പലപ്പോഴായി ഏഴ് പവൻ സ്വർണവും 80,000 രൂപയും കൈക്കലാക്കി. പിന്നീട് യുവതിയുടെ നഗ്നദൃശ്യങ്ങൾ കയ്യിലുണ്ടെന്നും ഇത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.
ഇന്നലെ തളിപ്പറമ്പിൽ യുവതിയെ കണ്ടുമുട്ടിയപ്പോൾ സജീർ ഭീഷണി മുഴക്കുകയും വാക്കുതർക്കമാകുകയും തുടർന്ന് യുവതിയുെട ഫോൺ തട്ടിപ്പറിച്ച് കടന്നു കളയുകയുമായിരുന്നു. കണ്ണൂർ സിറ്റിയിലെ താമസ സ്ഥലത്തുനിന്നാണ് സജീറിനെ പൊലീസ് പിടികൂടിയത്. തളിപ്പറമ്പ്–കാപ്പിമല റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് സജീർ.