നടന്‍ കൃഷ്ണകുമാറിനും അഹാനയും ദിയയും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കില്ല. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുറ്റപത്രം നല്‍കും. സ്ഥാപനത്തിലെ മോഷണം സ്ഥിരീകരിച്ചെങ്കിലും ജീവനക്കാരികളുടെ പരാതി എഴുതി തള്ളേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

ദിയ കൃഷ്ണയുടെ ഫാന്‍സി ആഭരണ സ്ഥാപനത്തിലെ  സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന ആദ്യഘട്ടം രണ്ട് പരാതിയായിരുന്നു. ഒന്ന് 69 ലക്ഷം രൂപ അടിച്ചുമാറ്റിയെന്ന് കൃഷ്ണകുമാര്‍ ജീവനക്കാരികള്‍ക്കെതിരെ നല്‍കിയ പരാതി. രണ്ട് കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ചെന്ന ജീവനക്കാരികളുടെ പരാതി. ഇതില്‍ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ മൂന്ന് ജീവനക്കാരികളും അറസ്റ്റിലാവുകയും  തട്ടിപ്പ്  സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ട് മാത്രം കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ പരാതി എഴുതി തള്ളേണ്ടന്നാണ്  തീരുമാനം.

ഇവരുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ നിലനില്‍ക്കില്ല. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പിനും തെളിവില്ല. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കും. മറ്റ് ആക്ഷേപങ്ങളിലും അന്വേഷിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളിട്ട് കുറ്റപത്രം നല്‍കാനാണ് തീരുമാനം. അതായത് കൃഷ്ണകുമാര്‍,  ഭാര്യ സിന്ദു, ദിയയും, അഹാനയും ഉള്‍പ്പടെയുള്ള മക്കളും പ്രതികളായി തുടരും

ENGLISH SUMMARY:

Krishna Kumar's family case will continue despite the initial theft allegations. The crime branch will proceed with charges against the family for allegedly intimidating employees, even though the employee theft was confirmed.