രാജസ്ഥാനിലെ ജുന്‍ജുനു ഗ്രാമത്തില്‍ ബൈക്കിലെത്തിയ യുവാക്കള്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. രണ്ടുപേര്‍ ചേര്‍ന്ന് കണ്ണില്‍ കണ്ട നായ്ക്കളെയെല്ലാം വെടിവയ്ക്കുകയായിരുന്നു. ക്രൂരതയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
ഓഗസ്റ്റ് 2,3 തീയതികളിലായിട്ടാണ് അക്രമം നടന്നത്. ബൈക്കിലെത്തിയവര്‍ വെടിയുതിര്‍ത്ത് കൊന്ന നായ്ക്കളുടെ ജഡം റോഡുകളില്‍ തന്നെയാണ് കിടന്നിരുന്നത്. വഴിയില്‍ ഇടവിട്ടിടവിട്ട് നായ്ക്കളുടെ ജഡം കിടക്കുന്നത് കണ്ട് നാട്ടുകാരും അമ്പരന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബൈക്കില്‍ സഞ്ചരിച്ച് നായ്ക്കളെ കൊല്ലുന്നവരെ കണ്ടെത്തിയത്.
പിടിയിലായവര്‍ക്കെതിരെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത വകുപ്പ് ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ എന്തിനാണ് നായ്ക്കളെ വകവരുത്തിയത് എന്നതിലടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.