മുസ്ലിമായ പ്രധാനാധ്യാപകനെ പുറത്താക്കാന്‍ സ്കൂളില്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കി ശ്രീരാമസേനക്കാരുടെ ക്രൂരത. കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ക്രൂരത പുറത്തായത്. സംഭവത്തില്‍ ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബെലഗാവിയിലെ സവദത്തി താലൂക്കിലാണ് സംഭവം.
ഹുലിക്കട്ടിയിലെ സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ പ്രധാനാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെതിരെ സംശയമുണ്ടാക്കലായിരുന്നു പ്രതികളുടെ ലക്ഷ്യം. അധ്യാപകനെ കുറ്റോരാപിതനാക്കി സ്ഥലം മാറ്റിക്കാനായിരുന്നു വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയത്. കഴിഞ്ഞ 13 വര്‍ഷമായി സ്കൂളില്‍ അധ്യാപകനാണ് ഇദ്ദേഹം. ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം.
സ്കൂള്‍ ടാങ്കിലെ വെള്ളം ഉപയോഗിച്ച 12 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സംശയമുണ്ടായത്. വെള്ളത്തിന്റെ രുചിയില്‍ മാറ്റമുണ്ടായതോടെ കുട്ടികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എല്ലാവരും ചികില്‍സയ്ക്ക് ശേഷം സുഖം പ്രാപിച്ചതായും അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ അഞ്ചാം ക്ലാസുകാരനാണ് ടാങ്കില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തി.
തനിക്ക് വിഷമടങ്ങിയ കുപ്പി കൈമാറുകയായിരുന്നുവെന്നും ഇത് ടാങ്കില്‍ ഒഴിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിനോട് സമ്മതിച്ചു. കൃഷ്ണ മദാർ എന്നയാളാണ് വിഷകുപ്പി നല്‍കിയതെന്നാണ് കുട്ടിയുടെ മൊഴി. സാഗർ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍ എന്നിവരുടെ ഭീഷണിയിലാണ് കൃഷ്ണ മദാര്‍ കുറ്റകൃത്യം ചെയ്തത്. ഇതര ജാതിയിലുള്ള കൃഷ്ണയുടെ പ്രണയം തുറന്നുകാട്ടുമെന്ന ഭീഷണിയായിരുന്നു കാരണം.
സാഗര്‍ പാട്ടീല്‍ ശ്രീരാമസേന സവദത്തി താലൂക്ക് പ്രസിഡന്റാണ്. ഇയാളാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. മുസ്ലിമായ ഒരാള്‍ സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്യുന്നതിലെ വിരോധമാണ് കാരണമെന്ന് പാട്ടീൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.