എറണാകുളം അരയൻകാവിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ മകൻ കസ്റ്റഡിയിൽ. അറയ്ക്കപ്പറമ്പിൽ ചന്ദ്രികയുടെ മരണത്തിലാണ് ലഹരിക്കടിമയായ മകൻ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ചന്ദ്രികയെ അഭിജിത് നിരന്തരം മർദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ ആരോപിച്ചു.

അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിൽ ചന്ദ്രിക മരിച്ചതായി മകൻ ഇന്നു രാവിലെ ആറരയോടെയാണ് അയൽക്കാരെ അറിയിക്കുന്നത്. കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സാരിയിൽ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫൊറൻസിക് സംഘത്തിന്റെയും, വിരലടയാള വിദഗ്ധരുടെയും പരിശോധനക്കും, പ്രാഥമിക ചോദ്യം ചെയ്യുന്നതിനു ശേഷമാണ് മകൻ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. മകൻ കൊലപ്പെടുത്തിയതാകാമെന്നും, മൃതദേഹത്തിന്റെ കിടപ്പ് കണ്ടിട്ട് തൂങ്ങിമരിച്ചതാകാൻ സാധ്യതയില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരം മർദ്ദിക്കാറുണ്ടെന്നാണ് ആരോപണം.

ചന്ദ്രികയുടെ ഭർത്താവ് അംബുജാക്ഷൻ ഏതാനും വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇൻഷുറൻസ് തുകമായി ലഭിച്ച 15 ലക്ഷത്തിന്റെ പേരിലും നിരന്തരം തർക്കം ഉണ്ടായിരുന്നതാണ് വിവരം

ENGLISH SUMMARY:

In Ernakulam's Arayankavu, a middle-aged woman named Chandrika was found dead, and her son Abhijith has been taken into custody. Locals allege that Abhijith, who is addicted to drugs, frequently assaulted his mother and had even threatened to kill her.