തിരുവല്ല വെണ്ണിക്കുളത്ത് ജിമ്മിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം. തെള്ളിയൂർ സ്വദേശി 19കാരൻ അലൻ റോയ്ക്കാണ് പരിക്കേറ്റത്. അതിക്രമം നടത്തിയ ഏഴുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറര മണിയോടെയായിരുന്നു ആക്രമണം. ജിമ്മിൽ ഹാൻസ് ഉപയോഗിക്കരുതെന്ന് പറഞ്ഞ അലനെ ഒന്നാം പ്രതി ഷിജിൻ വ്യായാമത്തിന് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
തലപൊട്ടി രക്തം വാർന്ന് നിലത്തുവീണ അലന്‍റെ നെഞ്ചിൽ രണ്ടാം പ്രതി ബിൻസൺ ചവിട്ടി. മറ്റു പ്രതികൾ ഹെൽമെറ്റും ബെൽറ്റും ഉപയോഗിച്ച് അലനെ മർദ്ദിച്ചു. ഷിജിനെയും ബിൻസണേയും കൂടാതെ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ കൂടിയാണ് കോയിപ്രം പൊലീസ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ അലൻ ചികിത്സയിൽ തുടരുകയാണ്.