ചേർത്തല പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മറ്റു തിരോധാനക്കേസുകളും അന്വേഷിക്കാൻ പൊലീസ്. 16 വർഷത്തിനിടെ ചേർത്തലയിലും പരിസര പ്രദേശങ്ങളിൽ നിന്നും ദുരുഹ സാഹചര്യത്തിൽ കാണാതായ സ്ത്രീകളുടെ കേസുകളാണ് പ്രത്യേക സംഘം വീണ്ടും പരിശോധിക്കുക. ഏറ്റുമാനൂരിലെ ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം വൈകാതെ വിശദ പരിശോധന നടത്തും.
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ കാണാതായ കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ പിടിയിലായതിന് പിന്നാലെയാണ് വീട്ടുവളപ്പിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചേർത്തലയിലെ ബിന്ദു പദ്മനാഭൻ, വാരനാട്ടെ ഐഷ എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യൻ സംശയ നിഴലിലാണ്. എന്നാൽ തെളിവുകൾ ഇല്ലാത്തതാണ് പ്രതിസന്ധി. വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് വ്യക്തമാകണമെങ്കിൽ ഡിഎന്എ പരിശോധന ഫലം വരണം. ചേർത്തലയിലും പരിസര പ്രദേശങ്ങളിലും നിന്ന് ദുരുഹ സാഹചര്യത്തിൽ കാണാതായ സ്ത്രീകളുടെ കേസ് ഫയലുകൾ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം പരിശോധിക്കുകയാണ്. 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ ആണ് പരിശോധിക്കുക. ചേർത്തല തിരുവിഴ സ്വദേശി സിന്ധുവിനെ കാണാതായ കേസിലും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അറസ്റ്റിലായ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം വൈകാതെ തെളിവെടുക്കും. ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജൈനമ്മയുടെ മൊബൈൽ ഫോൺ സിഗ്നലുകൾ ഒടുവിൽ ദൃശ്യമായത് പള്ളിപ്പുറത്താണ്. വീടിനകവും പരിസരങ്ങളും കുഴിച്ചുള്ള പരിശോധനയാണ് ഉദേശിക്കുന്നത്. ജൈനമ്മയുടെ തിരോധാന കേസ് കോട്ടയം ക്രൈം ബ്രാഞ്ച് സംഘവും ബിന്ദു പദ്മനാഭനെ കാണാതായ കേസ് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്.