കോതമംഗലത്തെ അൻസിലിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരുടെ പങ്ക് സംശയിച്ച് പൊലീസ്. രണ്ടുമാസത്തെ ആസൂത്രണത്തിനിടെ പെൺസുഹൃത്തായ പ്രതി അദീനയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെ സിസിടിവി തകരാറിലാക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
വ്യാഴാഴ്ച വൈകിട്ടാണ് കോതമംഗലം സ്വദേശിയായ അൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. മരണത്തിന് പിന്നാലെ പെൺസുഹൃത്ത് അദീനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അൻസിലിനെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്ന് അദീന സമ്മതിച്ചെങ്കിലും എങ്ങനെ കൃത്യം നടത്തി എന്നത് വ്യക്തമാക്കിയിട്ടില്ല. രണ്ടു മാസത്തെ ആസൂത്രണത്തിനോടുവിലാണ് അൻസിലിന് അദീന വിഷം നൽകിയത്. അൻസിലിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നതിനു മുൻപ് സിസിടിവി തകരാറിലാക്കുകയും, ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സിസിടിവി തകരാറിലാക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുക.
കളനാശിനി നൽകിയാണ് അൻസിലിനെ കൊലപ്പെടുത്തിയത്. വിഷം എന്തിൽ ചേർത്താണ് നൽകിയത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ബലംപ്രയോഗിച്ചാണ് വിഷം കുടിപ്പിച്ചത് എങ്കിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകും. ഇക്കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി പ്രതിയുടെ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമെന്നാണ് പൊലീസ് നിലപാട്. അദീനയെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം കോതമംഗലം കോടതിയിൽ നാളെ അപേക്ഷ നൽകും. നിലവിൽ റിമാൻഡിലുള്ള അദീന കാക്കനാട് വനിതാ ജയിലിൽ ആണ് ഉള്ളത്.