പാലക്കാട് നഗരമധ്യത്തിൽ 46 കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ വാരിയെല്ലും നട്ടെല്ലും തകർത്തു. ശരീരത്തിൽ 80 ഓളം പരുക്കുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യനെ ടൗൺസൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
30 ന് രാത്രി നഗരത്തിലെ സ്റ്റേഡിയം ബൈപാസിൽ വച്ചായിരുന്നു ക്രൂരകൃത്യം. ആക്രി ശേഖരിച്ചു ജീവിക്കുന്ന 46 കാരിയെ മദ്യലഹരിയിലെത്തിയ പ്രതി സുബ്ബയ്യൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി ആളൊഴിഞ്ഞ മേഖലയിലെത്തിച്ചു മർദിച്ചു. പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ചു. ചവിട്ടി. പീഡനത്തിനുശേഷം മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ രക്ഷപ്പെടാനായി സ്വയം രക്ഷകൻ ചമഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാല്‍ അതിനിടെ തന്നെ യുവതിയുടെ മരണം സംഭവിച്ചിരുന്നു.
ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയ എ.വിജുവിന് സംശയം തോന്നിയാണ് സുബ്ബയ്യനെ പിടികൂടുന്നത്. നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചു. അതിക്രമം നടന്നതായി പോസ്റ്റുമോർട്ടത്തിലും വ്യക്തമായി. യുവതിയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കണ്ട ദൃക്സാക്ഷികൾ ഉണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു.
2023 ൽ ഭാര്യയെ ആക്രമിച്ചടക്കം നിരവധി കേസുകളിൽ പ്രതിയാണ് സുബ്ബയ്യൻ. കൊലപാതക സമയം ഇയാൾ മദ്യലഹരിയിലായിരുന്നു. പാലക്കാട് എഎസ്പി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ കേസില്‍ അന്വേഷണം തുടരുകയാണ്.