കലക്ടറുടേയും,ജഡ്ജിയുടേയും ഡ്രൈവര്‍ ആക്കാം എന്ന് പറഞ്ഞാണ് പണം തട്ടിയത്. തട്ടിപ്പിന് ഇരയായവര്‍ തുടര്‍നടപടികള്‍ക്കായി വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. കഴിഞ്ഞദിവസമാണ് ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളും സഹായിയും വെഞ്ഞാറമ്മൂട് പൊലീസിന്റെ പിടിയിലായത്.
സ്വകാര്യ ബസ് കണ്ടക്ടറായ ചിറ്റാര്‍ സ്വദേശി ജിജോ ജോയിയെ തട്ടിപ്പുകാരന് ഫേസ് ബുക്കിലൂടെയാണ് ബന്ധപ്പെടുന്നത്. ജിജോയുടെ കാര്യങ്ങള്‍ എല്ലാം മനസിലാക്കിയാണ് ഇടപെട്ടത്. കണ്ണൂര്‍ കോടതിയിലെ ജഡ്ജിയുടെ ഡ്രൈവറാക്കാം. 50,000 ബോണ്ട് നല്കിയാല് മതി പിന്നീട് തിരിച്ചു കിട്ടും എന്നായിരുന്നു വാഗ്ദാനം.
ഭാര്യക്ക് വെയര്‍ ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് 50,000രൂപയും ലൈഫ് പദ്ധതിയില്‍ വീട് വാഗ്ദാനം ചെയ്ത് 17,000രൂപയും തട്ടിയെടുത്തു. കണ്ണൂരില്‍ നടപടിക്രമത്തിന് വിളിച്ചു കൊണ്ടുപോയി അവിടെയും 30,000രൂപയോളം ചെലവടക്കം നഷ്ടമായി. വിശ്വസിച്ച്പോയത് കൊണ്ട് സുഹൃത്ത് ലിനോ തോമസിനേയും പരിചയപ്പെടുത്തി. ലിനോയ്ക്ക് കലക്ടറുടെ ഡ്രൈവര്‍ ജോലിയും ഭാര്യക്ക് വെയര്‍ഹൗസ് ജോലിയും വാഗ്ദാനം ചെയ്ത് ഒരു ലക്ഷം തട്ടിയെടുത്തു.
ലോണെടുത്തും കടം വാങ്ങിയും ആണ് ജിജോയും ലിനോയും പണം നല്‍കിയത്. തട്ടിപ്പുകാരന് ജിഗേഷിന്റെ ആദ്യ ഫോണ്‍ നമ്പര്‍ മറ്റാരോ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. വെഞ്ഞാറമ്മൂട് പൊലീസ് ജിഗേഷിനെ പിടികൂടിയ വാര്‍ത്ത വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. സെല്‍ഫിയോ,ഫോട്ടോയോ എടുക്കാന്‍ അനുവദിച്ചിട്ടില്ല. പണം അക്കൗണ്ടിലിടാതെ നേരിട്ട് വാങ്ങി. ഉപയോഗിച്ചിരുന്ന ഫേസ് ബുക്ക് അക്കൗണ്ടും തട്ടിപ്പുകാരന് ഡിലീറ്റ് ചെയ്തു. അങ്ങനെ പല തെളിവുകളും ഇല്ലാതാക്കിയാണ് ജിഗേഷ് മുങ്ങിയത്