കൊച്ചി തൃക്കാക്കരയിലെ ഫ്ലാറ്റ് പണയ തട്ടിപ്പ് കേസ് ബിസിനസ് കുടിപ്പകയുടെ തുടര്‍ച്ചയെന്ന് ആരോപണം. പരാതികള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും തൃക്കാക്കര മുന്‍ സിഐ അടക്കമുള്ളവര്‍ ഒത്തുകളിച്ചുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. ഉടമയറിയാതെ ഫ്ലാറ്റ് പണയംവെച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തത് ഈ മാസം രണ്ടിനാണ്.
മലബാര്‍ സര്‍വീസ് അപാര്‍ട്മെന്റ് എല്‍എല്‍പി എന്ന സ്ഥാപനത്തിലെ ഉടമകളായ ആശ, മകള്‍ സാന്ദ്ര, മാനേജര്‍ മിന്റു എന്നിവരാണ് കേസിലെ പ്രതികള്‍. വാഴക്കാലയില്‍ വാടകയ്ക്ക് താമസിക്കുന്ന മിന്റുവിനെ അന്നേദിവസവും സാന്ദ്രയെ കഴിഞ്ഞ ആഴ്ചയും പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നിലടക്കം വലിയ ഗൂഡാലോചനയുണ്ടെന്നാണ് ആരോപണം. സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ തൃക്കാക്കര മുന്‍ സിഐയുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ തുടര്‍ച്ചയാണ് കേസെന്ന് മിന്റുവിന്റെ കുടുംബം ആരോപിക്കുന്നു.
മിന്റുവിനെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കൊടും ക്രിമിനലിനെ പോലെയാണ് മകനെ പൊലീസ് നേരിട്ടതെന്നും മിന്റുവിന്റെ പിതാവ് പറയുന്നു. ഫ്ലാറ്റ് വേണ്ട, നല്കിയ പണം ഘട്ടം ഘട്ടമായി മടക്കി നല്കിയാല് മതിയെന്ന് കരാര്‍ ഒപ്പിട്ടവര്‍ പരാതി നല്‍കിയതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിന്റെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്കി. തൃക്കാക്കര മുന്‍ സിഐ എ.കെ.സുധീര്‍, എസ്ഐ വി.ബി.അനസ് എന്നിവര്‍ക്കെതിരെയാണ് മിന്റുവിന്റെ കുടുംബത്തിന്റെ പരാതി.